സിഎഎ പ്രക്ഷോഭത്തില്‍ പങ്കെടുത്തു; വിദേശ വിദ്യാര്‍ഥിക്ക് ഇന്ത്യ വിടാൻ നോട്ടീസ്  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st March 2020 08:31 PM  |  

Last Updated: 01st March 2020 08:31 PM  |   A+A-   |  

kolkata-protest

 

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതി (സിഎഎ) ക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദേശ വിദ്യാര്‍ഥി ഉടന്‍ ഇന്ത്യ വിടണമെന്ന് ഫോറിനര്‍ റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസിന്റെ നിര്‍ദ്ദേശം. ജാദവ്പുര്‍ സർവകലാശാലയിൽ പഠിക്കുന്ന പോളണ്ടില്‍ നിന്നുള്ള വിദ്യാര്‍ഥി കാമില്‍ സെയ്ഡ്‌സിന്‍സ്‌കിക്കാണ് 15 ദിവസത്തിനകം രാജ്യംവിടണമെന്ന് നിര്‍ദ്ദേശം നൽകിയിട്ടുള്ളത്.  നിർദേശം അടങ്ങിയ നോട്ടീസ് സെയ്ഡ്‌സിന്‍സ്‌കിക്ക് കൈമാറി.

ഇന്ത്യയില്‍ പഠനം നടത്തുന്ന വിദേശ വിദ്യാര്‍ഥിക്ക് ചേരുന്ന പ്രവര്‍ത്തനമല്ല സെയ്ഡ്‌സിന്‍സ്‌കിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് നോട്ടീസിൽ പറയുന്നു. എന്നാൽ നടപടിക്കെതിരെ ആരോപണവുമായി ജാദവ്പുര്‍ സര്‍വകലാശാലയിലെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ രംഗത്തെത്തി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കൊല്‍ക്കത്തയില്‍ നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനാണ് ഇപ്പോൾ നടപടിയെന്നാണ് ഇവർ ആരോപിക്കുന്നത്. ഒരു ബംഗാളി ദിനപത്രം സെയ്ഡ്‌സിന്‍സ്‌കിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചതാണ് നടപടിക്ക് ആധാരം. വാർത്ത ചിലർ അധികൃതര്‍ക്ക് അയച്ചു കൊടുത്തതാണ് നടപടിക്ക് കാരണമെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ വിശ്വഭാരതി സർവകലാശാലയിലെ ബംഗ്ലാദേശില്‍നിന്നുള്ള വിദ്യാര്‍ഥിക്കും സമാനമായ നോട്ടീസ് നല്‍കിയിരുന്നു. സര്‍വകലാശാല കാമ്പസില്‍ നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചതിന് പിന്നാലെയായിരുന്നു ഈ നമടപടി.