പൗരത്വ നിയമത്തിന് ശേഷം ഇനി ജനസംഖ്യാ നിയന്ത്രണ നിയമം; നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 02nd March 2020 03:16 PM  |  

Last Updated: 02nd March 2020 03:18 PM  |   A+A-   |  

 

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിന് ശേഷം രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി സ്വാധി നിരഞ്ജന്‍ ജ്യോതി. നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തിയെന്നും നിരഞ്ജന്‍ ജ്യോതി വ്യക്തമാക്കി. വിഷയത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ജ്യോതി കൂട്ടിച്ചേര്‍ത്തു. മധുരയിലെ ചൈതന്യവിഹാറിലെ സ്വാമി വാംദേവ് ജ്യോതിര്‍മഠത്തില്‍ ആദരാജ്ഞലി അര്‍പ്പിക്കാനെത്തിയതായിരുന്നു മന്ത്രി. ഉന്നാവ് എംപി സാക്ഷിമഹാദേവും ഒപ്പമുണ്ടായിരുന്നു.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുന്നത് അസാധ്യമാണെന്ന് എല്ലാവരും കരുതിയിരുന്നു. പദവി റദ്ദാക്കിയാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്നായിരുന്നു എല്ലാരും ഭയപ്പെട്ടത്. അവിടെ ആരും കൈയില്‍  ദേശീയപതാക കരുതുകയില്ലായിരുന്നു. എന്നാല്‍ നരേന്ദ്രമോദിയുടെ കീഴിലുള്ള സര്‍ക്കാരിന് രാജ്യത്തിന് അനുകൂലമായ ഏത് നിയമവും കൊണ്ടുവരാന്‍ കഴിയുമെന്ന് ഇതിലൂടെ വ്യക്തമായെന്നും ജ്യോതി പറഞ്ഞു. 

370ാം വകുപ്പ് നിക്കം ചെയ്യാന്‍ കഴിയുമെങ്കില്‍ രാജ്യത്തിന് അനുകൂലമായ ഏത് നിയമവും നടപ്പിലാക്കാന്‍ മോദി സര്‍ക്കാരിന് കഴിയുമെന്ന് മന്ത്രി നിരഞ്ജന്‍ ജ്യോതി പറഞ്ഞു.