അമിത് ഷായുടെ റാലിയില്‍ 'ഗോലി മാരോ' മുദ്രാവാക്യം; ബംഗാളില്‍ മൂന്നുപേര്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd March 2020 11:34 AM  |  

Last Updated: 02nd March 2020 11:34 AM  |   A+A-   |  

 

കൊല്‍ക്കത്ത: ബംഗാളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച മൂന്നുപേരെ പിടികൂടി. ദേശദ്രോഹികളെ വെടിവെയ്ക്കൂ എന്ന് അര്‍ത്ഥമുളള ഗോലി മാരോ മുദ്രാവാക്യമാണ് കൊല്‍ക്കത്തയിലെ ബിജെപി റാലിയില്‍ ഒരു കൂട്ടം പ്രവര്‍ത്തകര്‍ വിളിച്ചത്. ഇതില്‍ മൂന്നുപേരെയാണ് ബംഗാള്‍ പൊലീസ് ഇന്ന് രാവിലെ പിടികൂടിയത്.

നിരവധിപ്പേരുടെ മരണത്തിന് ഇടയാക്കിയ ഡല്‍ഹി കലാപത്തിന് പിന്നാലെ രണ്ടിടത്താണ് ഗോലി മാരോ മുദ്രാവാക്യം വിളിച്ചത്. ഡല്‍ഹി മെട്രോയ്ക്ക് പിന്നാലെയാണ് കൊല്‍ക്കത്ത റാലിയില്‍ നിന്നും പ്രകോപനപരമായ മുദ്രാവാക്യം വിളി ഉയര്‍ന്നത്. കാവിവസ്ത്രം ധരിച്ച് ബിജെപി പതാക വീശിയാണ് ഒരു കൂട്ടം ആളുകള്‍ മുദ്രാവാക്യം വിളിച്ചത്. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിച്ചത്. അമിത് ഷായുടെ റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്ന സമയത്ത് ചുറ്റിലും പൊലീസുകാരുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ട പൊലീസുകാര്‍ നടപടിയെടുക്കാത്തതിലും പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇതിന് പിന്നിലുളള പ്രവര്‍ത്തകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. ശക്തമായ നടപടി സ്വീകരിച്ചില്ലായെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഇടതുപാര്‍ട്ടികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.എന്നാല്‍ ഇതുവരെ ഇതുസംബന്ധിച്ച് ഒരു പ്രസ്താവന ഇറക്കാന്‍ പോലും ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ പാര്‍ട്ടി തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം ഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍ ഒരു കൂട്ടം ആളുകള്‍ സമാനമായ മുദ്രാവാക്യം വിളിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. രാജീവ് ചൗക്ക് സ്‌റ്റേഷനിലാണ് ഒരു കൂട്ടം ആളുകള്‍ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചത്. വെളള ടീ ഷര്‍ട്ടും ഓറഞ്ച് തലപ്പാവും ധരിച്ച ഒരു കൂട്ടം ആളുകളാണ് മുദ്രാവാക്യം വിളിച്ചത്.