ഇന്ത്യയില്‍ വീണ്ടും കൊറോണ; സ്ഥിരീകരിച്ചത് ഡല്‍ഹിയിലും തെലങ്കാനയിലും

ഡല്‍ഹിയിലും തെലങ്കാനയിലും ഒരാള്‍ക്ക് വീതമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്
ഇന്ത്യയില്‍ വീണ്ടും കൊറോണ; സ്ഥിരീകരിച്ചത് ഡല്‍ഹിയിലും തെലങ്കാനയിലും

ന്യൂഡല്‍ഹി: ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയിലും തെലങ്കാനയിലും ഒരാള്‍ക്ക് വീതമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്ന് വന്നയാള്‍ക്കാണ് ഡല്‍ഹിയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. തെലങ്കാനയില്‍ ദുബായില്‍ നിന്ന് എത്തിയ യാത്രക്കാരനിലാണ് കൊറോണ വൈറസ് ബാധ കണ്ടത്. രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് പേരെയും രക്ഷിച്ചതിന് പിന്നാലെയാണ് ഇന്ത്യയില്‍ വീണ്ടും കൊറോണ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം കേരളത്തില്‍ കൊവിഡ് 19 ബാധിച്ച് ആരും ചികിത്സയിലില്ല. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുള്‍പ്പടെ നിരവധിപ്പേര്‍ ഐസൊലേഷന്‍ വാര്‍ഡിലുണ്ട്. വെള്ളിയാഴ്ചയാണ് കൊവിഡ് 19 ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയും ആശുപത്രി വിട്ടത്. എങ്കിലും ഇപ്പോള്‍ കേരളത്തെ കൊവിഡ് 19 വിമുക്തമായി പ്രഖ്യാപിക്കാറായിട്ടില്ലെന്ന് തന്നെയാണ് ആരോഗ്യമന്ത്രി വ്യക്തമാക്കുന്നത്.

യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും കൊവിഡ് 19 പടരുകയാണ്. ലോകത്തിലുടനീളം 88,584 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനില്‍ മരണസംഖ്യ 54 ആയി. ചെക്ക് റിപ്പബ്ലിക്കിലും, സ്‌കോട്ട്‌ലന്‍ഡിലും, ഡോമിനിക്കന്‍ റിപ്പബ്ലിക്കിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇറ്റലിയില്‍ കൊറോണ ബാധിച്ച് പതിനേഴ് മരണം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇവിടെ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ റദ്ദ് ചെയ്തിട്ടുണ്ട്. ഇറ്റലിയില്‍ കൊവിഡ് 19 ബാധിച്ച് 34 പേരാണ് മരിച്ചത് 1694 പേര്‍ ചികിത്സയിലുണ്ട്. ഇവിടെ മലയാളികള്‍ ഉള്‍പ്പെടെ 85 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുകയാണ്.

അതിനിടെ, ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദഗ്ധരെ ഇറാനിലേക്ക് പറഞ്ഞയക്കും. ഇവരില്‍ രോഗമില്ലെന്ന് സ്ഥിരികരിക്കുന്നവരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

അതേസമയം കൊറോണ വൈറസ് ഗള്‍ഫ് ഉള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടര്‍ന്നു പിടിച്ച പശ്ചാത്തലത്തില്‍ നെടുമ്പാശേരിയില്‍ നിന്നുളള വിമാനങ്ങള്‍ റദ്ദാക്കി. സൗദി അറേബ്യയിലേക്കും മലേഷ്യയിലേക്കും കൊച്ചിയില്‍ നിന്ന് സര്‍വീസ് നടത്തുന്ന വിമാനങ്ങളാണ് റദ്ദാക്കിയത്. സൗദി എയര്‍ലൈന്‍സ് ഈ മാസം 13 വരെയുളള സര്‍വീസുകളാണ് റദ്ദാക്കിയത്. മലേഷ്യയിലേക്കുളള സര്‍വീസുകള്‍ വെട്ടിക്കുറച്ചതായും അധികൃതര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com