കോടതിയാണോ ഉത്തരവാദി? ഞങ്ങള്‍ക്ക് പരിമിതിയുണ്ട്; ഡല്‍ഹി കലാപക്കേസില്‍ സുപ്രീം കോടതി 

ജനങ്ങള്‍ മരിക്കട്ടെ എന്നല്ല ഞങ്ങള്‍ പറയുന്നത്. ഇതു തടയാന്‍ ഞങ്ങള്‍ക്കാവില്ല. മുന്‍കൂട്ടി ആശ്വാസ നടപടികള്‍ ഉത്തരവിടാന്‍ കോടതിക്കാവില്ല. വലിയ സമ്മര്‍ദമാണ് ഇതുണ്ടാക്കുന്നത്.
കോടതിയാണോ ഉത്തരവാദി? ഞങ്ങള്‍ക്ക് പരിമിതിയുണ്ട്; ഡല്‍ഹി കലാപക്കേസില്‍ സുപ്രീം കോടതി 

ന്യൂഡല്‍ഹി: സംഭവങ്ങള്‍ നടന്നുകഴിഞ്ഞതിനു ശേഷമേ കോടതിക്ക് അതില്‍ ഇടപെടാനാവൂ എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ. പലതിനും കോടതിയാണ് ഉത്തരവാദി എന്ന തരത്തിലുള്ള മാധ്യമ വാര്‍ത്തകള്‍ കാണുന്നുണ്ടെന്ന്, ഡല്‍ഹി കലാപക്കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം പരിഗണിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഡല്‍ഹിയില്‍ ബിജെപി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ കേസെടുക്കാന്‍ നിര്‍ദേശിക്കണമെന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് സീനിയര്‍ അഭിഭാഷകന്‍ കോളിന്‍ ഗൊണ്‍സാല്‍വസ് ആവശ്യപ്പെട്ടപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. ''ജനങ്ങള്‍ മരിക്കട്ടെ എന്നല്ല ഞങ്ങള്‍ പറയുന്നത്. ഇതു തടയാന്‍ ഞങ്ങള്‍ക്കാവില്ല. മുന്‍കൂട്ടി ആശ്വാസ നടപടികള്‍ ഉത്തരവിടാന്‍ കോടതിക്കാവില്ല. വലിയ സമ്മര്‍ദമാണ് ഇതുണ്ടാക്കുന്നത്.'' - ചീഫ് ജസ്റ്റിസ് പറഞ്ഞു.

''ഞങ്ങള്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ സംഭവങ്ങള്‍ 
നടന്നുകഴിഞ്ഞേ കോടതിക്ക്  ഇടപെടാനാവൂ. ഞങ്ങള്‍ക്കു പരിമിതിയുണ്ട്. കോടതിയാണ് ഉത്തരവാദിയെന്ന മട്ടിലുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ കാണുന്നുണ്ട്'' - ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

വിദേഷ പ്രസംഗങ്ങളില്‍ കേസെടുക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി നാലാഴ്ചയ്ക്കു ശേഷം കേള്‍ക്കാന്‍ മാറ്റിവച്ചിരിക്കുകയാണ്. ഇതിനെതിരെയാണ് ഹര്‍ജിക്കാരനായ ഹര്‍ഷ് മന്ദര്‍ സുപ്രീം കോടതിയെ സമീപിച്ചത്. അടിയന്തര പ്രധാനമുള്ള വിഷയമാണെന്നും ഇതു നാലാഴ്ചയിലേക്കു മാറ്റിവച്ച ഹൈക്കോടതി നടപടി നിരാശാജനകമാണെന്നും കോളിന്‍ ഗൊണ്‍സാല്‍വസ് അറിയിച്ചു.

ഹര്‍ജി ബുധനാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ബിജെപി നേതാക്കളായ അനുരാഗ് കശ്യപ്, കപില്‍ മശ്ര, പര്‍വേശ് വര്‍മ എന്നിവരുടെ വിദ്വേഷ പ്രസംഗം കലാപത്തിനു കാരണമായെന്നാണ് കേസ്. ഈ കേസില്‍ പൊലീസിനെയും സര്‍ക്കാരിനയെും രൂക്ഷമായി വിമര്‍ശിച്ച ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിനെ അര്‍ധരാത്രി സ്ഥലം മാറ്റിയത് വിവാദമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com