'ഞാന്‍ ഞെട്ടിപ്പോയി'; മുതിര്‍ന്ന ദലിത് എംപിയെ തള്ളിയിട്ടു, രമ്യ ഹരിദാസിന് എതിരെ കടുത്ത നടപടി വേണം: സ്മൃതി ഇറാനി

പ്രതിഷേധ പ്രകടനടത്തിനിടെ ബിജെപി തന്നെ മര്‍ദിച്ചു എന്ന് കാണിച്ച് രമ്യ ഹരിദാസ് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നല്‍കിയുരുന്നു.
'ഞാന്‍ ഞെട്ടിപ്പോയി'; മുതിര്‍ന്ന ദലിത് എംപിയെ തള്ളിയിട്ടു, രമ്യ ഹരിദാസിന് എതിരെ കടുത്ത നടപടി വേണം: സ്മൃതി ഇറാനി

ന്യൂഡല്‍ഹി:ഡല്‍ഹി കലാപ വിഷയം ഉയര്‍ത്തിയുള്ള പ്രതിഷേധത്തിനിടെ ബിജെപി എംപി മര്‍ദിച്ചുവെന്ന് പരാതി നല്‍കിയ ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് എതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രമ്യ ഹരിദാസ് ബിജെപിയുടെ ദലിത് എംപിയെ കൈയേറ്റം ചെയ്തുവെന്ന് സ്മൃതി ആരോപിച്ചു.

മൂന്നുതവണ എംപിയായ ജസ്‌കൗര്‍ മീണയെ സഭയില്‍ തള്ളിയിട്ടത് എന്നെ ഞെട്ടിച്ചു. രമ്യ ഹരിദാസ് ബിജെപിയുടെ ദലിത് എംപിയെ പ്രകോപിപ്പിക്കാനായി അദ്ദേഹത്തെ ശാരീരികമായി മര്‍ദിക്കുകയാണ് ചെയ്തത്. രമ്യക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ഞാന്‍ സ്പീക്കറോട് ആവശ്യപ്പെടുകയാണ്'- സമൃതി പറഞ്ഞു.

നേരത്തെ, പ്രതിഷേധ പ്രകടനടത്തിനിടെ ബിജെപി തന്നെ മര്‍ദിച്ചു എന്ന് കാണിച്ച് രമ്യ ഹരിദാസ് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നല്‍കിയുരുന്നു. സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് നീങ്ങിയ രമ്യ ഹരിദാസ് എംപിയെ ബിജെപി വനിതാ അംഗം ജസ്‌കൗര്‍ മീണ തടയുകയായിരുന്നു. പിന്നോക്ക വിഭാഗക്കാരിയും സ്ത്രീയും ആയതിനാലാണോ ആക്രമിച്ചതെന്നും ചോദിച്ച് രമ്യ സ്പീക്കര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു.

കലാപം ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളിലും നോട്ടീസ് നല്‍കിയിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും രണ്ടുമണിവരെ നിര്‍ത്തിവച്ചു. രണ്ടുമണിക്ക് ശേഷം സഭാ നടപടികള്‍ ആരംഭിച്ചപ്പോഴും പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെ ബില്ല് അവതരിപ്പിക്കാന്‍ രാജ്യസഭയില്‍ ശ്രമം നടന്നെങ്കിലും ബഹളം കാരണം അവസാനിപ്പിക്കുകയായിരുന്നു.

ആഭ്യന്തരമന്ത്രി അമിത്ഷാ രാജി വക്കണമെന്ന് ആവശ്യപ്പെട്ട് ബാനറുയര്‍ത്തിയായിരുന്നു പ്രതിഷേധം. ബാനറുമായി ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങിയ ഗൗരവ് ഗൊഗോയ്, ഹൈബി ഈഡന്‍ എന്നിവര്‍ ബിജെപി എംപി സാംസാരിച്ചു തുടങ്ങിയപ്പോള്‍ മുഖം മറയ്ക്കുന്ന തരത്തില്‍ ബാനറുമായി ഭരണനിരയ്ക്ക് അടുത്തെത്തിയപ്പോഴാണ് കയ്യാങ്കളിയുണ്ടായത്.

ബിജെപി എംപിമാരെത്തി ഇരുവരെയും പിടിച്ച് തള്ളി.  അതോടെ ബഹളം സംഘര്‍ഷത്തിന് വഴിമാറി. ഇതിന് പിന്നാലെ സ്പീക്കര്‍ സഭാ നടപടികള്‍ നിര്‍ത്തിവച്ചു. ലോക്‌സഭയില്‍ ബഹളം വച്ച എംപിമാര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com