നിര്‍ഭയ കേസില്‍ വധശിക്ഷ നാളെത്തന്നെ? ; കോടതി വിധി അല്‍പ്പസമയത്തിനകം

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരാള്‍ക്ക് ഹൈക്കോടതി ഉത്തരവ് ലംഘിക്കാമായിരിക്കും, എന്നാല്‍ കോടതിക്ക് അതിനാവില്ല
നിര്‍ഭയ കേസില്‍ വധശിക്ഷ നാളെത്തന്നെ? ; കോടതി വിധി അല്‍പ്പസമയത്തിനകം

ന്യൂഡല്‍ഹി: മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍ഭയ കേസിലെ കുറ്റവാളികള്‍ നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി പാട്യാല ഹൗസ് കോടതി അല്‍പ്പ സമയത്തിനകം വിധി പറയും. സ്റ്റേ ആവശ്യപ്പെട്ട് പവന്‍ ഗുപ്തയും അക്ഷയ് ഠാക്കൂറും നല്‍കിയ ഹര്‍ജി ഉച്ചയ്ക്കു മുമ്പായി കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ പവന്‍ ഗുപ്ത ദയാഹര്‍ജി നല്‍കിയതായി അഭിഭാഷകന്‍ എപി സിങ് കോടതിയെ അറിയിച്ചു. തുടര്‍ന്നു രണ്ടു മണിക്കു വീണ്ടും വാദം കേള്‍ക്കുകയായിരുന്നു.

ദയാഹര്‍ജി പരിഗണനയില്‍ ഇരിക്കുമ്പോള്‍ വധശിക്ഷ നടപ്പാക്കാനാവില്ലെന്ന് ജയില്‍ ചട്ടങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് എപി സിങ് ചൂണ്ടിക്കാട്ടി. എന്നാല്‍ ശിക്ഷിക്കപ്പെട്ടവര്‍ ഒളിച്ചുകളി നടത്തുകയാണെന്നായിരുന്നു പ്രോസിക്യൂട്ടര്‍ ഇര്‍ഫാന്‍ അഹമ്മദിന്റെ വാദം. ഇതിനെ ശക്തമായി നേരിടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി നിശ്ചയിച്ച സമയപരിധിക്കു ശേഷമാണ് ഹര്‍ജി നല്‍കിയിരിക്കുന്നതെന്ന് പ്രത്യേക കോടതി ജഡ്ജി ധര്‍മേന്ദര്‍ റാണ പറഞ്ഞു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരാള്‍ക്ക് ഹൈക്കോടതി ഉത്തരവ് ലംഘിക്കാമായിരിക്കും, എന്നാല്‍ കോടതിക്ക് അതിനാവില്ല. അതുകൊണ്ടുതന്നെ ഇതില്‍ ഇടപെടാന്‍ കാരണമില്ലെന്നാണ് കരുതുന്നതെന്ന് ജഡ്ജി വ്യക്തമാക്കി. ഏഴു ദിവസത്തിനകം ഹര്‍ജി നല്‍കണമെന്ന ഉത്തരവ് പാലിക്കാതിരുന്നത് എന്തുകൊണ്ടാണ്? അവസാന നിമിഷം ഹര്‍ജിയുമായി വന്നാല്‍ ഇത്തരം ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നു മനസിലാക്കണമായിരുന്നെന്ന് കോടതി പറഞ്ഞു. 

തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയതിനു പിന്നാലെയാണ് പവന്‍ ഗുപ്ത രാഷ്ട്രപതിക്കു ദയാഹര്‍ജി നല്‍കിയത്. ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് ചേംബറില്‍ പരിഗണിച്ചാണ് തിരുത്തല്‍ ഹര്‍ജി തള്ളിയത്. നേരത്തെ നല്‍കിയ ഉത്തരവു പുനപ്പരിശോധിക്കാന്‍ കാരണമില്ലെന്ന് ബെഞ്ച് വിധിന്യായത്തില്‍ പറഞ്ഞു. 

ദയാഹര്‍ജി പരിഗണിക്കുന്ന ഘട്ടത്തില്‍ വധശിക്ഷ നടപ്പാക്കരുതെന്നാണ് ചട്ടം. അതേസമയം ശിക്ഷ നടപ്പാക്കുന്നതിനു തലേന്ന് ഉച്ചയ്ക്കു ശേഷം നല്‍കുന്ന ദയാഹര്‍ജി, ശിക്ഷ നടപ്പാക്കാന്‍ തടസ്സമല്ലെന്നാണ് ജയില്‍ ചട്ടം.

നാളെയാണ് നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനായി മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. കേസിലെ മറ്റ് മൂന്ന് കുറ്റവാളികളുടെയും തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നേരത്തെ തള്ളിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com