'അനാവശ്യ പ്രതികരണം' : ഇറാന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ; അതൃപ്തി അറിയിച്ച് വിദേശകാര്യമന്ത്രാലയം

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 03rd March 2020 12:36 PM  |  

Last Updated: 03rd March 2020 12:36 PM  |   A+A-   |  

 

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഇറാന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി വിദേശകാര്യമന്ത്രാലയം. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഇറാന്‍ വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയില്‍ ഇന്ത്യ അതൃപ്തി അറിയിക്കുകയും ചെയ്തു. ഡല്‍ഹി കലാപം ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ടെന്ന മന്ത്രിയുടെ പ്രസ്താവനയിലാണ് ഇന്ത്യ അതൃപ്തി അറിയിച്ചത്. 

ട്വീറ്റിലൂടെയായിരുന്നു ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ് അഭിപ്രായപ്രകടനം നടത്തിയത്. മുസ്ലിങ്ങള്‍ക്കെതിരെ സംഘടിത കലാപം നടത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ട്വീറ്റില്‍ ആവശ്യപ്പെട്ടിരുന്നു. 

മന്ത്രി ജാവേദ് സരീഫിന്റെ ട്വീറ്റ് അനാവശ്യവും അംഗീകരിക്കാനാകാത്തതുമാണെന്ന് വിദേശകാര്യമന്ത്രാലയം, ഇറാന്റെ ഇന്ത്യന്‍ സ്ഥാനപതി അലി ഛഗേനിയോട് വ്യക്തമാക്കി. മാത്രമല്ല, വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. 

ട്വീറ്റിനെ വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാരും ബിജെപിയും രംഗത്തെത്തിയിരുന്നു. ഡല്‍ഹി കലാപത്തെ വിമര്‍ശിച്ച് ഇറാനു പുറമെ, പാകിസ്ഥാന്‍, തുര്‍ക്കി, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു.