എംപിമാര്‍ സഭയില്‍ പ്ലക്കാര്‍ഡുമായി വരരുത്; മറുപക്ഷത്തേക്ക് പോയാല്‍ സസ്‌പെന്‍ഷന്‍; മുന്നറിയിപ്പുമായി സ്പീക്കര്‍; ബഹളം

ഇരിക്കുന്ന പക്ഷത്ത് നിന്ന് മറുപക്ഷത്തേക്ക് പോയാല്‍ എംപിമാരെ ഒരു സമ്മേളനക്കാലയളവ് മുഴുവന്‍ സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഓം ബിര്‍ള മുന്നറിയിപ്പ് നല്‍കി
എംപിമാര്‍ സഭയില്‍ പ്ലക്കാര്‍ഡുമായി വരരുത്; മറുപക്ഷത്തേക്ക് പോയാല്‍ സസ്‌പെന്‍ഷന്‍; മുന്നറിയിപ്പുമായി സ്പീക്കര്‍; ബഹളം

ന്യൂഡല്‍ഹി: അച്ചടക്കലംഘനമുണ്ടായാല്‍ എംപിമാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന സൂചനയുമായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. സഭ നടക്കുന്നതിനിടെ, ഇരിക്കുന്ന പക്ഷത്ത് നിന്ന് മറുപക്ഷത്തേക്ക് പോയാല്‍ എംപിമാരെ ഒരു സമ്മേളനക്കാലയളവ് മുഴുവന്‍ സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഓം ബിര്‍ള മുന്നറിയിപ്പ് നല്‍കി. പ്ലക്കാര്‍ഡുകളും ബാനറുകളുമായി സഭയിലേക്ക് വരാന്‍ പാടില്ലെന്നും ഓം ബിര്‍ള വ്യക്തമാക്കി.

സ്പീക്കറുടെ പരാമര്‍ശം വലിയ വിവാദത്തിനും പ്രതിഷേധത്തിനും കാരണമായി. പ്രതിപക്ഷബഹളത്തെത്തുടര്‍ന്ന് ഇരുസഭകളും 2 മണി വരെ നിര്‍ത്തി വച്ചു.

ഡല്‍ഹി കലാപത്തെച്ചൊല്ലി ചര്‍ച്ച വേണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെത്തുടര്‍ന്ന് ഇന്നലെ പാര്‍ലമെന്റ് പ്രക്ഷുബ്ധമായിരുന്നു. തന്നെ  ബിജെപി വനിതാ എംപി തല്ലിയെന്ന് രമ്യാ ഹരിദാസ് എംപി പൊട്ടിക്കരഞ്ഞു. ഹൈബി ഈഡനും ഗൗരവ് ഗൊഗോയും പ്ലക്കാര്‍ഡുമായി മറുപക്ഷത്തേക്ക് നീങ്ങിയതോടെ സഭയില്‍ തമ്മില്‍ത്തല്ലായി.

ഹൈബി ഈഡനും ഗൗരവ് ഗോഗോയിയും അടക്കമുള്ള 15 എംപിമാര്‍ക്കെതിരെ നടപടി വേണമെന്ന് തിങ്കളാഴ്ച ബിജെപി എംപിമാര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് നീങ്ങിയ രമ്യാ ഹരിദാസിനെ ബിജെപി വനിതാ എംപിമാര്‍ തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് സ്പീക്കറുടെ ചേംബറിലെത്തിയ രമ്യ തന്നെ  ബിജെപി എംപി ജസ്‌കൗര്‍ മീണ മര്‍ദ്ദിച്ചെന്ന് പരാതി നല്‍കി. അമിത്ഷാ രാജി വെക്കണമെന്ന പോസ്റ്റര്‍ സ്പീക്കറുടെ ഇരിപ്പിടത്തില്‍ വെച്ചതിന് ടി എന്‍ പ്രതാപനെ സ്പീക്കര്‍ താക്കീത് ചെയ്തു. ഇത് അവസാന താക്കീതാണെന്ന് സ്പീക്കര്‍ അറിയിക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com