കൊറോണ ഭീതി പരത്തി പൂച്ച, ചൈനയിലേക്കു നാടു കടത്താന്‍ നീക്കം, എതിര്‍പ്പ്; വിവാദം

മൃഗസ്‌നേഹികളുടെ സംഘടനയായ പേറ്റ പൂച്ചയെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടതാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്
കൊറോണ ഭീതി പരത്തി പൂച്ച, ചൈനയിലേക്കു നാടു കടത്താന്‍ നീക്കം, എതിര്‍പ്പ്; വിവാദം

ചെന്നൈ: കൊറോണ വൈറസ് ബാധ സംശയിക്കുന്ന പൂച്ച വീണ്ടും വിവാദത്തില്‍. മൃഗസ്‌നേഹികളുടെ സംഘടനയായ പേറ്റ (പിഇടിഎ,  പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍) പൂച്ചയെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടതാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇറച്ചിക്കും രോമത്തിനുമായി പൂച്ചയെ കൊല്ലുന്ന ചൈനയിലേക്ക് ഇതിനെ നാടുകടത്താനുള്ള തീരുമാനത്തിനെതിരെയാണ് പേറ്റ രംഗത്തെത്തിയത്. 

20 ദിവസങ്ങള്‍ക്ക് മുമ്പ് ചൈനയില്‍ നിന്ന് ഒരു കണ്ടെയിനറില്‍ ചെന്നൈ തുറമുഖത്തെത്തിയ പൂച്ച ഇപ്പോള്‍ നാടുകടത്തല്‍ ഭീഷണി നേരിടുകയാണ്. എന്നാല്‍ പൂച്ചകള്‍ വഴി കോവിഡ്-19 പകരില്ലെന്നതിന്റെ ശാസ്ത്രീയ തെളിവുകള്‍ ചൂണ്ടിക്കാട്ടിയാണ് പേറ്റ ചെന്നൈ പോര്‍ട്ട് അധികൃതര്‍ക്ക് കത്തയച്ചത്. വളര്‍ത്തുമൃഗങ്ങള്‍ വഴി കോവിഡ് 19 പകരാനുള്ള സാധ്യത അമേരിക്കന്‍ വെറ്റിനറി മെഡിക്കല്‍ അസോസിയേഷനും തള്ളിക്കളഞ്ഞിട്ടുണ്ട്. 

ചെന്നൈ തുറമുഖത്തുള്ള പൂച്ച ചൈനയില്‍ നിന്നുതന്നെ എത്തിയതാണോ എന്ന സംശയവും പേറ്റ മുന്നോട്ടുവച്ചു. 10-20 ദിവസത്തോളം ഭക്ഷണവും വെള്ളവുമില്ലാതെ പൂച്ച ജീവിച്ചു എന്നത് വിശ്വസനീയമല്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ചൈനയില്‍ നിന്ന് തുറമുഖം വിട്ട കപ്പല്‍ സിംഗപ്പൂര്‍, കൊളമ്പോ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ചരക്ക് കയറ്റിയിറക്കാനായി കണ്ടെയിനര്‍ തുറക്കാറുണ്ട്. ഇവിടങ്ങളില്‍ നിന്ന് പൂച്ച കണ്ടെയിനറില്‍ കയറിപ്പറ്റാനുള്ള സാദ്യതയും തള്ളിക്കളയാനാകില്ലെന്ന് പേറ്റ പറയുന്നു. 

ഭക്ഷണത്തിനായി പൂച്ചകളെ ഉപയോഗിക്കുന്ന ചൈന പോലൊരു രാജ്യത്തേക്ക് അതിനെ തിരിച്ചയച്ചാല്‍ വലിയ ക്രുരത നേരിടേണ്ടിവരുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. പൂച്ചയ്ക്ക് സ്ഥിരമായ ഒരു സംരക്ഷണം തങ്ങള്‍ ഉറപ്പാക്കാമെന്നും പേറ്റ അറിയിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com