കലാപം: ഡല്‍ഹി പൊലീസിനെ പ്രശംസിച്ച് കെജരിവാള്‍; മോദിയെ കണ്ടു, മുഖം നോക്കാതെ നടപടിയെടുക്കാന്‍ അപേക്ഷ

കലാപം: ഡല്‍ഹി പൊലീസിനെ പ്രശംസിച്ച് കെജരിവാള്‍; മോദിയെ കണ്ടു, മുഖം നോക്കാതെ നടപടിയെടുക്കാന്‍ അപേക്ഷ

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന വര്‍ഗീയ കലാപത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കലാപത്തിന് ഉത്തരവാദികളായവര്‍ ആരായാലും പാര്‍ട്ടി നോക്കാതെ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടുവെന്ന് കെജരിവാള്‍ പറഞ്ഞു.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വന്നതിന് ശേഷം മോദിയുമായി കെജരിവാള്‍ നടത്തിയ ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ അരമണിക്കൂറാണ് കെജരിവാള്‍ ചര്‍ച്ച നടത്തിയത്. 

കലാപമുണ്ടാകുമെന്ന് ഞായറാഴ്ച രാത്രി വ്യാജ പ്രചാരണം നടന്നപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ഇടപെട്ട ഡല്‍ഹി പൊലീസിനെ കെജരിവാള്‍  അഭിനന്ദിച്ചു.

'ഞായറാഴ്ച രാത്രി അഭ്യൂഹങ്ങള്‍ പരന്നപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ഡല്‍ഹി പൊലീസ് അതിവേഗം പ്രവര്‍ത്തിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പൊലീസ് ഇതേപോലെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ നിരവധിപേരുടെ ജീവന്‍ സംരക്ഷിക്കാമായിരുന്നു'- അദ്ദേഹം പറഞ്ഞു.
ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് മോദിയോട് ആവശ്യപ്പെട്ടുവെന്നും കെജരിവാള്‍ അവകാശപ്പെട്ടു. 

ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തെക്കുറിച്ച് പ്രത്യേക ചര്‍ച്ച നടത്തിയില്ലെന്ന് കെജരിവാള്‍ പറഞ്ഞു. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ മൂന്നുദിവസം അരങ്ങേറിയ കലാപത്തില്‍ 47പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com