സൗദിയില്‍ പ്രീമിയം റെസിഡന്‍സി പെര്‍മിറ്റ് ലഭിച്ച ആദ്യ ഇന്ത്യക്കാരനായി എംഎ യൂസഫലി

തനിക്ക് മാത്രമല്ല മുഴുവന്‍ പ്രവാസി ഇന്ത്യക്കാര്‍ക്കുമുള്ള അംഗീകാരമാണിതെന്ന് എം.എ യൂസഫലി
സൗദിയില്‍ പ്രീമിയം റെസിഡന്‍സി പെര്‍മിറ്റ് ലഭിച്ച ആദ്യ ഇന്ത്യക്കാരനായി എംഎ യൂസഫലി

റിയാദ്: സൗദി അറേബ്യയില്‍ പ്രീമിയം റെസിഡന്‍സി പെര്‍മിറ്റ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. തനിക്ക് മാത്രമല്ല മുഴുവന്‍ പ്രവാസി ഇന്ത്യക്കാര്‍ക്കുമുള്ള അംഗീകാരമാണിതെന്ന് എം.എ യൂസഫലി പ്രതികരിച്ചു. സൗദി പൗരന്മാര്‍ക്ക് രാജ്യത്ത് ലഭിക്കുന്ന അവകാശങ്ങളില്‍ ഭൂരിഭാഗവും വിദേശികള്‍ക്ക് കൂടി ലഭിക്കുന്ന പ്രീമിയം ഇഖാമ നടപ്പാക്കാന്‍ കഴിഞ്ഞ മേയ് മാസത്തിലാണ് സൗദി മന്ത്രിസഭ തീരുമാനിച്ചത്.

സൗദി പൗരന്‍ സ്‌പോണ്‍സറായി ആവശ്യമില്ലാതെ വിദേശികള്‍ക്ക് രാജ്യത്ത് വ്യവസായങ്ങള്‍ നടത്താനും തൊഴില്‍ ചെയ്യാനും അനുവദിക്കുന്ന പ്രത്യേക താമസ രേഖയാണ് പ്രീമിയം ഇഖാമ. സൗദി പ്രീമിയം റെഡിസന്‍സി സെന്റര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് എം.എ യൂസഫലിക്ക് പ്രീമിയം റെസിഡന്‍സി അനുവദിച്ച വാര്‍ത്ത പുറത്തുവിട്ടത്.

'തനിക്ക് മാത്രമല്ല എല്ലാ പ്രവാസികള്‍ക്കുമുള്ള അംഗീകാരമാണിത്. കൂടുതല്‍ നിക്ഷേപങ്ങള്‍ രാജ്യത്തേക്ക് ആകര്‍ഷിക്കാനും മേഖലയിലെ പ്രധാന ബിസിനസ് ഹബ്ബായി സൗദി അറേബ്യയെ കൂടുതല്‍ നേട്ടങ്ങളിലെത്തിക്കാനും സ്ഥിര താമസാനുമതി നല്‍കുന്ന പദ്ധതിയിലൂടെ സാധിക്കുമെന്നും യൂസഫലി പറഞ്ഞു.'

35ലധികം സൂപ്പര്‍ മാര്‍ക്കറ്റുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളുമാണ് ലുലുവിന് സൗദിയിലുള്ളത്. അരാംകോ ജീവനക്കാര്‍ക്കുള്ള സ്‌റ്റോറുകളും നാഷണല്‍ ഗാര്‍ഡ്‌സിന്റെ സ്‌റ്റോറുകളും ഉള്‍പ്പെടെയാണിത്. മൂവായിരത്തിലധികം സൗദി പൗരന്മാരും ലുലു ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നു. പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി രണ്ട് വര്‍ഷത്തിനുള്ളില്‍ 30 പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി ലുലു ഗ്രൂപ്പ് സൗദിയില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com