'ഡല്‍ഹി കലാപം ഭാരത് മാതാവിനെ ബാധിച്ചു, നമ്മുടെ ഭാവി കത്തിച്ചാമ്പലായി'; കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് രാഹുല്‍

ഡല്‍ഹി കലാപം ജനങ്ങള്‍ക്കും ഭാരത് മാതാവിനും പോറലേല്‍പ്പിച്ചതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
'ഡല്‍ഹി കലാപം ഭാരത് മാതാവിനെ ബാധിച്ചു, നമ്മുടെ ഭാവി കത്തിച്ചാമ്പലായി'; കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് രാഹുല്‍

ന്യൂഡല്‍ഹി: ഡല്‍ഹി കലാപം ജനങ്ങള്‍ക്കും ഭാരത് മാതാവിനും പോറലേല്‍പ്പിച്ചതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ രണ്ടായി വിഭജിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കലാപം ആര്‍ക്കും ഗുണം ചെയ്യില്ല. ഇത് ജനങ്ങളെയും ഭാരത്  മാതാവിനെയുമാണ് ബാധിച്ചത്. ഇന്ത്യ രണ്ടായി വിഭജിച്ചു കൊണ്ടിരിക്കുകയാണ്'- രാഹുല്‍ പറഞ്ഞു. രാഹുലിന്റെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് പ്രതിനിധി സംഘം വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി.

ബ്രിജ്പുരിയില്‍ കലാപത്തില്‍ തകര്‍ന്ന ഒരു സ്‌കൂള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. 'ഈ വിദ്യാലയം ഇന്ത്യയുടെ ഭാവിയാണ്. വിദ്വേഷവും അക്രമവും അതിനെ തകര്‍ത്തു. നമ്മുടെ ഭാവി ഇവിടെ കത്തിച്ചാമ്പലായി. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകുകയും വേണം'- രാഹുല്‍ പറഞ്ഞു. 

46 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും 200ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കലാപം അരങ്ങേറിയ പ്രദേശത്ത് ഇതാദ്യമായായാണ് കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ സന്ദര്‍ശനം നടത്തുന്നത്. അധീര്‍ രഞ്ജന്‍ ചൗധരി, കെ സി വേണുഗോപാല്‍, ഷെല്‍ജ കുമാരി എന്നിവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു.

നേരത്തെ, ഡല്‍ഹി കലാപത്തില്‍ കേന്ദ്രത്തെയും നരേന്ദ്ര മോദി സര്‍ക്കാരിനെയും കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ് ആഭ്യന്തരമന്ത്രി അമിത് ഷാ സ്ഥാനമൊഴിയണമെന്നും ആവശ്യപ്പെട്ടിരുന്നു. അക്രമങ്ങള്‍ നടക്കുമ്പോള്‍ രാജ്യത്ത് ഇല്ലാതിരുന്ന രാഹുല്‍, കലാപത്തിനെതിരെ  ചൊവ്വാഴ്ച പാര്‍ലമെന്റിന് പുറത്തു നടന്ന പ്രതിഷേധത്തിന് നേതൃത്വം നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com