ഭര്‍ത്താവുമായി വേര്‍പിരിഞ്ഞിട്ടും കല്യാണം കഴിക്കാന്‍ തയ്യാറായില്ല; പുതിയ കാമുകനുമായി ചേര്‍ന്ന് യുവതി മുന്‍കാമുകനെ കഴുത്തുമുറിച്ച് കൊന്നു, പെട്രോള്‍ ഒഴിച്ച് കത്തിച്ചു

ഉത്തര്‍പ്രദേശില്‍ യുവാവിനെ കഴുത്തുമുറിച്ചു കൊന്ന് കത്തിച്ച കേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യുവാവിനെ കഴുത്തുമുറിച്ചു കൊന്ന് കത്തിച്ച കേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍. മുന്‍ കാമുകനെ ഒഴിവാക്കാന്‍ യുവതിയും കാമുകനും ചേര്‍ന്ന് നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് പറയുന്നു. കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി 24 മണിക്കൂറിനുള്ളില്‍ പൊലീസ് പ്രതികളെ വലയിലാക്കുകയായിരുന്നു. 

ബറേലിയില്‍ ഞായറാഴ്ചയാണ് സംഭവം. 28കാരനായ യോഗേഷ് സക്‌സേനയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ എട്ടുവര്‍ഷമായി യോഗേഷുമായി അടുപ്പമുണ്ടായിരുന്ന ഉമ ശുക്ലയും കാമുകന്‍ സുനില്‍ ശര്‍മ്മയുമാണ് അറസ്റ്റിലായത്. ഉമ പറഞ്ഞത് അനുസരിച്ച് തന്റെ കടയ്ക്ക് സമീപമുളള ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയ യോഗേഷിനെ മുന്‍കൂട്ടി നിശ്ചയിച്ച പ്ലാന്‍ അനുസരിച്ച് സുനില്‍ ശര്‍മ്മയാണ് കൊലപ്പെടുത്തിയത്. കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം കഴുത്തുമുറിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. തുടര്‍ന്ന് ഉമയൊടൊപ്പം തിരിച്ചുവന്ന സുനില്‍ പെട്രോള്‍ ഒഴിച്ച് യോഗേഷിന്റെ മൃതദേഹം കത്തിച്ചതായും പൊലീസ് പറയുന്നു.

തിങ്കളാഴ്ചയാണ് ബറേലിയിലെ കുമാര്‍ സിനിമ തിയേറ്ററിന് സമീപം 28കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്. 2014മുതല്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയാണ് ഉമ. അതിനിടെയാണ് യോഗേഷുമായി ഉമ പ്രണയത്തിലായത്. വിവാഹം ചെയ്യാന്‍ യോഗേഷിനെ ഉമ നിരന്തരം നിര്‍ബന്ധിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ അവിവാഹിതയായ മൂത്ത സഹോദരിയുടെ വിവാഹം കഴിയാതെ ഉമയെ താലികെട്ടാനാകില്ലെന്നായിരുന്നു യോഗേഷിന്റെ നിലപാട്. അതുവരെ കാത്തിരിക്കാനും ആവശ്യപ്പെട്ടു. യോഗേഷുമായുള്ള വിവാഹം നീണ്ടതോടെ ഉമ സുനില്‍ എന്നയാളുമായി അടുപ്പത്തിലായി. ഇതിനുപിന്നാലെയാണ് യോഗേഷിനെ കൊലപ്പെടുത്താന്‍ ഇരുവരും തീരുമാനിച്ചത്. 

ഞായറാഴ്ച രാത്രി ആളൊഴിഞ്ഞ സ്ഥലത്തേക്ക് യോഗേഷിനെ വിളിച്ചുവരുത്തിയാണ് ഇരുവരും കൃത്യം നടത്തിയത്. ഉമ വിളിച്ചതനുസരിച്ച് എത്തിച്ചേര്‍ന്ന യോഗേഷിന്റെ കണ്ണിലേക്ക് സുനില്‍ മുളകുപൊടി വിതറുകയും പിന്നാലെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. മരണം ഉറപ്പുവരുത്തിയ ശേഷം ഇരുവരും ചേര്‍ന്ന് പെട്രോള്‍ സംഘടിപ്പിച്ച് മൃതദേഹം കത്തിക്കുകയും ചെയ്തു. യോഗേഷും ഉമയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ലഭിച്ച സൂചനയാണ് പ്രതികളെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. തുടര്‍ന്ന് പൊലീസ് ഇരുവരെയും ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com