ഡല്‍ഹി കലാപം: കോടതിയില്‍ കീഴടങ്ങാനുളള ശ്രമം പാളി, താഹിര്‍ ഹുസൈന്‍ അറസ്റ്റില്‍

കോടതിക്ക് മുന്‍പില്‍ കീഴടങ്ങാന്‍ അനുവദിക്കണമെന്ന അപേക്ഷ ഡല്‍ഹി കോടതി തളളിയതിനെ തുടര്‍ന്നാണ് ഡല്‍ഹി പൊലീസ് താഹിര്‍ ഹുസൈനെ അറസ്റ്റ് ചെയ്തത്
ഡല്‍ഹി കലാപം: കോടതിയില്‍ കീഴടങ്ങാനുളള ശ്രമം പാളി, താഹിര്‍ ഹുസൈന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിനിടെ, ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മ്മ കൊല്ലപ്പെട്ട കേസില്‍ കുറ്റാരോപിതനായ ആംആദ്മി പാര്‍ട്ടി മുന്‍ നേതാവ് താഹിര്‍ ഹുസൈന്‍ അറസ്റ്റില്‍. കോടതിക്ക് മുന്‍പില്‍ കീഴടങ്ങാന്‍ അനുവദിക്കണമെന്ന അപേക്ഷ ഡല്‍ഹി കോടതി തളളിയതിനെ തുടര്‍ന്നാണ് ഡല്‍ഹി പൊലീസ് താഹിര്‍ ഹുസൈനെ അറസ്റ്റ് ചെയ്തത്. തങ്ങളുടെ അധികാരപരിധിയില്‍പ്പെടുന്ന കാര്യമല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഡല്‍ഹി കോടതി താഹിര്‍ ഹുസൈന്റെ അപേക്ഷ തളളിയത്.

കൊലപ്പെട്ട അങ്കിത് ശര്‍മ്മയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് താഹിര്‍ ഹുസൈനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തട്ടിക്കൊണ്ടു പോകല്‍, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന താഹിര്‍ ഹുസൈന്‍ മുന്‍കൂര്‍ ജാമ്യം തേടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

ഡല്‍ഹിയില്‍ സംഘര്‍ഷം രൂക്ഷമായ സമയത്താണ് ഐബി ഉദ്യോഗസ്ഥനായ അങ്കിതിനെ കാണാതായത്. തൊട്ടടുത്ത ദിവസം ഒരു അഴുക്കു ചാലില്‍ നിന്ന് മൃതദേഹം കണ്ടെത്തിയിരുന്നു. താഹിര്‍ ഹുസൈന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപിച്ച് അങ്കിതിന്റെ കുടുംബവും ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു.കൊലപാതക ആരോപണത്തെ തുടര്‍ന്ന് ഇയാളെ ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com