ഫ്ളിപ്പ്കാര്‍ട്ട് സ്ഥാപകന്‍ സച്ചിന്‍ ബന്‍സാലിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ, സഹോദരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; സ്ത്രീധനത്തിന്റെ പേരില്‍ പീഡനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th March 2020 01:33 PM  |  

Last Updated: 05th March 2020 01:33 PM  |   A+A-   |  

 

ബംഗളൂരു: ഫ്ളിപ്പ്കാര്‍ട്ട് സ്ഥാപകരില്‍ ഒരാളായ വ്യവസായി സച്ചിന്‍ ബന്‍സാലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ. സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു എന്ന പ്രിയ ബന്‍സാലിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിന് പുറമേ ഡല്‍ഹിയില്‍ വച്ച് തന്റെ ഇളയ സഹോദരിയെ സച്ചിന്‍ ബന്‍സാല്‍ ലൈംഗികമായി പീഡിപ്പിച്ചതായും പ്രിയ ബന്‍സാല്‍ ആരോപിക്കുന്നു.

നിക്ഷേപ കമ്പനിയായ നവി ടെക്‌നോളജീസിന്റെ സിഇഒയാണ് സച്ചിന്‍ ബന്‍സാല്‍. 2008ലാണ് സച്ചിന്റെയും പ്രിയയുടെയും വിവാഹം നടന്നത്. കല്യാണത്തിന് അച്ഛന്‍ 50 ലക്ഷം രൂപയാണ് ചെലവഴിച്ചതെന്ന് പ്രിയ പറയുന്നു. കാറിന് പകരം 11 ലക്ഷം രൂപ പണമായി സച്ചിന്‍ ബന്‍സാല്‍ ആവശ്യപ്പെട്ടിരുന്നതായും പ്രിയ പരാതിയില്‍ പറയുന്നു.

തന്റെ പേരിലുളള വസ്തുവകകള്‍ സച്ചിന്റെ പേരിലേക്ക് മാറ്റാന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഈ ആവശ്യം നിഷേധിച്ചപ്പോള്‍, ബന്ധുക്കളൊടൊപ്പം ചേര്‍ന്ന് സച്ചിന്‍ പീഡിപ്പിച്ചതായും പ്രിയയുടെ പരാതിയില്‍ പറയുന്നു. 2019 മുതല്‍ ഈ പേരും പറഞ്ഞും നിരന്തരം സച്ചിനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നതായി കോരമംഗള പൊലീസ് പറയുന്നു. സ്ച്ചിന് പുറമേ ബന്ധുക്കളായ സത് പ്രകാശ്, കിരണ്‍ ബന്‍സാല്‍, നിതിന്‍ ബന്‍സാല്‍ എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

കേസില്‍ അന്വേഷണം നടത്തുന്നതിന് ഒരു പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. സഹോദരിക്ക് നേരെയുളള ലൈംഗികാതിക്രമത്തില്‍ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കാന്‍ പ്രിയയോട് ആവശ്യപ്പെട്ടതായി കോരമംഗള പൊലീസ് പറഞ്ഞു.