കൊറോണ: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പഞ്ചിങ് ഒഴിവാക്കി; ക്യാമ്പസുകളില്‍ കൂട്ടംകൂടരുതെന്ന് നിര്‍ദേശം, അതീവ ജാഗ്രത

രാജ്യത്ത് കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പഞ്ചിങ് ഒഴിവാക്കി
കൊറോണ: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പഞ്ചിങ് ഒഴിവാക്കി; ക്യാമ്പസുകളില്‍ കൂട്ടംകൂടരുതെന്ന് നിര്‍ദേശം, അതീവ ജാഗ്രത

ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പഞ്ചിങ് ഒഴിവാക്കി. മാര്‍ച്ച് 31വരെയാണ് ഒഴിവാക്കിയത്. ഈ ദിവസങ്ങളില്‍ ജീവനക്കാര്‍ രജിസ്റ്ററില്‍ ഒപ്പിട്ടാല്‍ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പഞ്ചിങ്ങിലൂടെ വൈറസ് പടരുന്നത് തടയാനാണ് പുതിയ നീക്കം.

വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടം കൂടിനില്‍ക്കരുതെന്ന് യുജിസി നിര്‍ദേശം പുറപ്പെടുവിച്ചു. കൊറോണ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങള്‍ സന്ദര്‍ശിച്ച വിദ്യാര്‍ത്ഥികളോ ജീവനക്കാരോ ഉണ്ടെങ്കില്‍ ഉടന്‍ അധികൃതരെ വിവരം അറിയിക്കണമെന്നും യുജിസി നിര്‍ദേശത്തില്‍ പറയുന്നു.

അതേസമയം, രാജ്യത്ത് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. തായ്‌ലാന്‍ഡിലും മലേഷ്യയിലും അടുത്തിടെ സന്ദര്‍ശനം നടത്തിയ ആള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാളെ ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. രോഗിയുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്നും, നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൊറോണ പടരുന്ന സാഹചര്യം കണക്കിലെടുത്ത് പൊതുപരിപാടികള്‍ കഴിവകും ഒഴിവാക്കാന്‍ കേന്ദ്രആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ജാഗ്രത പാലിക്കാനും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രാലയം ലോകാരോഗ്യസംഘടനയുമായി യോജിച്ച് ഒരു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കും. വിവിധ സംസ്ഥാനങ്ങളിലെ 280 ഓളം ആരോഗ്യ വിദഗ്ധര്‍, റെയില്‍വേ, സൈന്യം തുടങ്ങിയവയിലെ ഡോക്ടര്‍മാര്‍ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുക്കും.

മുന്‍കരുതല്‍ എന്ന നിലയില്‍ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് ഈ മാസം 31 വരെ അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കെല്ലാം അവധി ബാധകമായിരിക്കുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബ്രസ്സല്‍സ് യാത്ര റദ്ദാക്കി. സിക്കിമില്‍ വിദേശസഞ്ചാരികള്‍ക്ക് പൂര്‍ണനിരോധനം ഏര്‍പ്പെടുത്തി.

കൊറോണ ഭീതിയെത്തുടര്‍ന്ന് പൊതുപരിപാടികള്‍ വ്യോമസേന വിലക്കി. ഉദ്യോഗസ്ഥര്‍ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന് വ്യോമസേന നിര്‍ദേശിച്ചു. മാളുകളും തിയറ്ററുകളും സന്ദര്‍ശിക്കരുത്. ഇറാന്‍, ഇറ്റലി, കൊറിയ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ ഐസൊലേഷനില്‍ കഴിയണമെന്നും വ്യോമസേന നിര്‍ദേശം നല്‍കി.

വൈറസ് ബാധിച്ച് ചികില്‍സയിലുള്ള 27 പേരുടെയും നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയാല്‍ മാത്രമെ ഇവരെ മടങ്ങാന്‍ അനുവദിക്കു. ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരികെ കൊണ്ടുപോകാന്‍ ഇറാന്‍ ഇന്ന് പ്രത്യേക വിമാനം അയക്കും. ഇന്ത്യയുടെ അതിര്‍ത്തി രാജ്യമായ ഭൂട്ടാനിലും കൊറോണ സ്ഥിരീകരിച്ചു. ഇന്ത്യയില്‍ നിന്നും പോയ യുഎസ് പൗരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഭൂട്ടാനിലേക്ക് പോയ എട്ട് ഇന്ത്യക്കാരെ പ്രത്യേക നിരീക്ഷണത്തിലാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com