പൗരത്വ നിയമത്തിന് എതിരായ നാടകം: രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി, സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

കര്‍ണാടകയിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ സിഎഎ വിരുദ്ധ നാടകം അവതരിപ്പിച്ചതിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി
പൗരത്വ നിയമത്തിന് എതിരായ നാടകം: രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി, സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

ബെംഗലൂരു: കര്‍ണാടകയിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ പൗരത്വ നിയമത്തിന് എതിരെ നാടകം അവതരിപ്പിച്ചതിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി. രാജ്യദ്രോഹം വ്യക്തമാക്കുന്ന തെളിവുകളൊന്നും ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്ന് ബിദറിലെ ജില്ലാ സെഷന്‍സ് കോടതി വ്യക്തമാക്കി. നാടകം അവതരിപ്പിച്ച ബിദറിലെ ഷഹീന്‍ പ്രൈമറി സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം പറഞ്ഞത്.

രേഖകള്‍ കാണിക്കാന്‍ സാധിച്ചില്ലെങ്കില്‍ രാജ്യം വിടേണ്ടിവരുമെന്നാണ് പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നാടകത്തില്‍ പറയുന്നത്. രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന ഒന്നും നാടകത്തില്‍ ഉള്ളതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ജില്ലാ ജഡ്ജി മനഗോളി പ്രേമാവതി നിരീക്ഷിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട അഞ്ച് മാനേജ്‌മെന്റ് പ്രതിനിധികള്‍ക്ക് കോടി ജാമ്യം അനുവദിച്ചു.

നാടകത്തിലെ സംഭാഷണങ്ങള്‍ വിദ്വേഷം ജനിപ്പിക്കുന്നതോ സര്‍ക്കാരിന് എതിരായതോ അല്ല. സമൂഹത്തില്‍ ഒരുവിധത്തിലുമുള്ള അനൈക്യത്തിനും കാരണമാകുന്നതായി കാണുന്നില്ല. അതുകൊണ്ടുതന്നെ  പ്രഥമദൃഷ്ട്യാ 124എ വകുപ്പ് നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ജനുവരി 21നാണ് ബീദറിലെ ഷഹീന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ സ്‌കൂളില്‍ നാല്, അഞ്ച്, ആറ് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ നാടകം അവതരിപ്പിച്ചത്. നാടകം നടന്ന് അഞ്ചുദിവസത്തിനു ശേഷം സ്‌കൂളിനെതിരെ പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നാടകത്തിലുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പൊലീസ് നടപടി. 

തുടര്‍ന്ന് പൗരത്വ നിയമ ഭേദഗതിക്കെതിരായി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നാടകത്തിന്റെ പേരില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെയും വിദ്യാര്‍ഥികളില്‍ ഒരാളുടെ മാതാവിനെയും അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവര്‍ക്ക് ജാമ്യം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com