മാസ്‌കുകള്‍ പൂഴ്ത്തിവയ്ക്കരുത്; അമിത വില ഈടാക്കരുത്: കര്‍ശന നടപടിയെന്ന് കേന്ദ്രം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th March 2020 09:09 PM  |  

Last Updated: 06th March 2020 09:09 PM  |   A+A-   |  

 

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാസ്‌കുകള്‍ പൂഴ്ത്തിവയ്ക്കുന്നതിനും കരിഞ്ചന്തയില്‍ വില്‍ക്കുന്നതിനും എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. നിലവില്‍ രാജ്യത്ത് ഫെയ്‌സ് മാസ്‌കുകളുടെ കുറവില്ലെന്ന് കെമിക്കല്‍ ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍ മന്ത്രി സദാനന്ദ ഗൗഢ പറഞ്ഞു.

മാസ്‌കുകള്‍ക്ക് നിലവിലുള്ളതിനെക്കാള്‍ എട്ടിരട്ടി വിലയ്ക്കാണ് വില്‍ക്കുന്നതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. മൂന്നുതരം മാസ്‌കുകളാണ് വിപണിയിലുള്ളത്. ട്രിപ്പിള്‍ ലെയര്‍ ട്രിപ്പിള്‍ ലെയര്‍, എന്‍-95 എന്നിവയാണ് വിപണിയിലുള്ളത്.

അതേസമയം, രാജ്യത്ത് കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പഞ്ചിങ് ഒഴിവാക്കി. മാര്‍ച്ച് 31വരെയാണ് ഒഴിവാക്കിയത്. ഈ ദിവസങ്ങളില്‍ ജീവനക്കാര്‍ രജിസ്റ്ററില്‍ ഒപ്പിട്ടാല്‍ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പഞ്ചിങ്ങിലൂടെ വൈറസ് പടരുന്നത് തടയാനാണ് പുതിയ നീക്കം.

വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടം കൂടിനില്‍ക്കരുതെന്ന് യുജിസി നിര്‍ദേശം പുറപ്പെടുവിച്ചു. കൊറോണ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങള്‍ സന്ദര്‍ശിച്ച വിദ്യാര്‍ത്ഥികളോ ജീവനക്കാരോ ഉണ്ടെങ്കില്‍ ഉടന്‍ അധികൃതരെ വിവരം അറിയിക്കണമെന്നും യുജിസി നിര്‍ദേശത്തില്‍ പറയുന്നു.

രാജ്യത്ത് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. തായ്‌ലാന്‍ഡിലും മലേഷ്യയിലും അടുത്തിടെ സന്ദര്‍ശനം നടത്തിയ ആള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാളെ ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. രോഗിയുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്നും, നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.