പെഹലു ഖാന്‍ ആള്‍ക്കൂട്ടക്കൊല; പ്രായപൂര്‍ത്തിയാവാത്ത രണ്ടു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 07th March 2020 04:31 PM  |  

Last Updated: 07th March 2020 04:31 PM  |   A+A-   |  

 

ജയ്പൂര്‍: കാലിക്കടത്ത് ആരോപിച്ച് ക്ഷീരകര്‍ഷകനായ പെഹലു ഖാനെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊന്ന കേസില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ടു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി.  രാജസ്ഥാന്‍ ആല്‍വാറിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് ഇരുവരും കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസില്‍ ഉടന്‍ തന്നെ വിധി പറയും. കേസുമായി ബന്ധപ്പെട്ട് ആറു പ്രതികളെ വെറുതെ വിട്ടത് വലിയ വാര്‍ത്തയായിരുന്നു. 

2017ലാണ് കാലിക്കടത്ത് ആരോപിച്ച് ക്ഷീരകര്‍ഷകനായ പെഹലു ഖാനെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊന്നത്. 2019ലാണ് കേസില്‍ ആറുപ്രതികളെ ആല്‍വാര്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് കോടതി ഇവരെ വെറുതെ വിട്ടത്. 

സെഷന്‍സ് കോടതി വിധിക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. പെഹലു ഖാന് മരണം സംഭവിച്ച സമയത്ത് നടത്തിയ അന്വേഷണത്തില്‍ പാകപിഴകള്‍ സംഭവിച്ചതായി പ്രത്യേക അന്വേഷണം വിഭാഗം രാജസ്ഥാന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.