കൊറോണ: ഊഹാപോഹങ്ങള്‍ക്ക് പിന്നാലെ പോകരുത്; ഡോക്ടറെ കാണൂ; നിര്‍ദേശവുമായി പ്രധാനമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th March 2020 12:46 PM  |  

Last Updated: 07th March 2020 12:46 PM  |   A+A-   |  

modi_at_ramleela

 

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ വൈറസില്‍ എന്തുചെയ്യണം, എന്തുചെയ്യരുതെന്ന അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുത്. പകരം ഡോക്ടറുടെ സേവനം തേടുകയാണ് വേണ്ടതെന്നും മോദി പറഞ്ഞു. ജന്‍ഔഷധി ഗുണഭോക്താക്കളുമായി സംസാരിക്കുകയായിരുന്നു മോദി. 

ജനങ്ങള്‍ ഹാന്‍ഡ് ഷേക്ക് ഒഴിവാക്കി പകരം നമസ്‌തെ പറഞ്ഞ് അഭിവാദ്യം ചെയ്യണമെന്ന് ഒരിക്കല്‍കൂടി നരേന്ദ്രമോദി അഭ്യര്‍ത്ഥിച്ചു. ലോകത്ത് കോറോണ വൈറസ് ബാധിവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഇന്ത്യയില്‍ രണ്ടാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധിച്ചവരുടെ എണ്ണം 33 അയി. അമൃതസറിലും പഞ്ചാബിലുമാണ് വൈറസ് ബാധ സ്ഥീരികരിച്ചത്. ഇവരെ ആശുപത്രിയിലെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. രോഗികളുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്നും, നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൊറോണ ( കോവിഡ്19) പടരുന്ന സാഹചര്യം കണക്കിലെടുത്ത് പൊതുപരിപാടികള്‍ കഴിവകും ഒഴിവാക്കാന്‍ കേന്ദ്രആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ജാഗ്രത പാലിക്കാനും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രാലയം ലോകാരോഗ്യസംഘടനയുമായി യോജിച്ച് ഒരു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കും. വിവിധ സംസ്ഥാനങ്ങളിലെ 280 ഓളം ആരോഗ്യ വിദഗ്ധര്‍, റെയില്‍വേ, സൈന്യം തുടങ്ങിയവയിലെ ഡോക്ടര്‍മാര്‍ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുക്കും.