തമിഴ്‌നാട്ടിലും കൊറോണ സ്ഥിരീകരിച്ചു, മൂന്നുപേര്‍ക്ക് കൂടി വൈറസ് ബാധ; ആകെ എണ്ണം 34 

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 07th March 2020 07:25 PM  |  

Last Updated: 07th March 2020 07:25 PM  |   A+A-   |  

 

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 34ആയി. പുതുതായി മൂന്നുപേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ലഡാക്കില്‍ രണ്ടുപേര്‍ക്കും തമിഴ്‌നാട്ടില്‍ ഒരാള്‍ക്കുമാണ് വൈറസ് ബാധ. മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇറാനില്‍ നിന്ന് നാട്ടിലെത്തിയ രണ്ടുപേര്‍ക്കാണ് ലഡാക്കില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ജമ്മുകശ്മീരില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായിട്ടാണ്.ഒമാനില്‍ നിന്ന് വന്നയാളാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കൊറോണ വൈറസ് രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികള്‍ വിലയിരുത്തി.

രോഗം കൂടുതല്‍ ആളുകളിലേക്ക് പടരാതിരിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്തു. ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ധന്‍ ഉള്‍പ്പെടെ കേന്ദ്രമന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. രോഗം ബാധിക്കുന്നവരെ നിരീക്ഷിക്കാന്‍ രാജ്യത്ത് ഉടന്‍ തന്നെ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് മോദി ആവശ്യപ്പെട്ടു. തീവ്രപരിചരണത്തിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും മോദി നിര്‍ദേശിച്ചു.

ലോകത്താകമാനം കൊറോണ വൈറസ് ബാധിച്ച് 3515 പേരാണ് മരിച്ചത്. ചൈനയില്‍ മാത്രം പുതുതായി 28 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 90 രാജ്യങ്ങളെയാണ് ഇത് നേരിട്ട് ബാധിച്ചിരിക്കുന്നത്.  ഒരു ലക്ഷത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.