'ഭക്ഷണം കണ്ടിട്ട് തന്നെ ദിവസങ്ങള്‍', യുവാവ് പട്ടിണി കിടന്ന് മരിച്ചു; 'ഭക്ഷ്യ സുരക്ഷ' ഇങ്ങനെയോ എന്ന് ആക്ഷേപം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th March 2020 11:37 AM  |  

Last Updated: 08th March 2020 11:37 AM  |   A+A-   |  

 

ബോക്കാറോ: ഝാര്‍ഖണ്ഡില്‍ 42കാരന്‍ പട്ടിണി കിടന്ന് മരിച്ചതായി ബന്ധുക്കള്‍. എന്നാല്‍ നീണ്ടക്കാലത്തെ രോഗബാധയെ തുടര്‍ന്നാണ് മരണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അവകാശവാദം. യുവാവ് പട്ടിണി കിടന്ന് മരിച്ച സംഭവത്തെ ഗൗരവത്തോടെയാണ് ഹേമന്ത് സോറന്‍ സര്‍ക്കാര്‍ കണ്ടിരിക്കുന്നത്.

ഝാര്‍ഖണ്ഡില്‍ ബോക്കാറോയിലാണ് സംഭവം. 42കാരനായ ഭുഖല്‍ ഘാസിയാണ് മരിച്ചത്. ഇദ്ദേഹത്തിന് റേഷന്‍കാര്‍ഡോ, ആയുഷ്മാന്‍ കാര്‍ഡോ ഇല്ല. കഴിഞ്ഞ കുറെ ദിവസങ്ങളായി കഴിക്കാന്‍ ഭക്ഷണം ഉണ്ടായിരുന്നില്ലെന്ന് ഭാര്യ രേഖാ ദേവി പറയുന്നു.

എന്നാല്‍ നീണ്ടക്കാലത്തെ രോഗബാധയെ തുടര്‍ന്നാണ് യുവാവ് മരിച്ചതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വാദം. രക്തക്കുറവ് മൂലം ബുദ്ധിമുട്ട് നേരിട്ടിരുന്ന ഭുഖല്‍ ഘാസി ഡോക്ടറുടെ നിരീക്ഷണത്തിലായിരുന്നുവെന്ന് ബോക്കാറോ ജില്ലാ കമ്മീഷണര്‍ മുകേഷ് കുമാര്‍ പറയുന്നു. ബംഗളൂരുവില്‍ ജോലി ചെയ്തിരുന്ന ഭുഖല്‍ ഘാസി അസുഖബാധിതനായതിനെ തുടര്‍ന്ന് ആറുമാസം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്. നീണ്ടക്കാലത്തെ രോഗബാധയെ തുടര്‍ന്നാണ് യുവാവ് മരിച്ചതെന്നും മുകേഷ് കുമാര്‍ പറയുന്നു.

കുടുംബം മുഴുവന്‍ രക്തക്കുറവ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. ഇവര്‍ക്ക് അടിയന്തരമായി ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭുഖല്‍ ഘാസിയുടെ ഭാര്യ മോശം അവസ്ഥയിലാണ്. ഇവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ചികിത്സ ലഭ്യമാക്കുമെന്നും മുകേഷ് കുമാര്‍ പറഞ്ഞു.