യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂര്‍ അറസ്റ്റില്‍

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് റാണ കപൂറിനെ അറസ്റ്റ് ചെയ്തത്
യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂര്‍ അറസ്റ്റില്‍

മുംബൈ; കേന്ദ്രസര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ച യെസ് ബാങ്കിന്റെ സ്ഥാപകന്‍ റാണ കപൂര്‍ അറസ്റ്റില്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് റാണ കപൂറിനെ അറസ്റ്റ് ചെയ്തത്. 15 മണിക്കൂറോളമാണ് എന്‍ഫോഴ്‌സ്‌മെന്റ് റാണയെ ചോദ്യം ചെയ്തത്. കള്ളപ്പണം വെളിപ്പിച്ചെന്ന കേസില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ റാണാ കപൂറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. 

വഴിവിട്ട് വായ്പകളനുവദിച്ചതാണ് ബാങ്കിനെ തകര്‍ത്തതെന്ന് റിസര്‍വ്ബാങ്ക് കണ്ടെത്തിയിരുന്നു. ഡിഎച്ച്എഫ്എല്ലിന് വഴിവിട്ട്  വായ്പ അനുവദിച്ചതിന് പിന്നാലെ റാണയുടേയും ഭാര്യയുടേയും അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയതിന്റെ രേഖ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചിരുന്നു. 

കഴിഞ്ഞ വ്യാഴാഴ്ച യെസ് ബാങ്കിന്റെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുത്തിരുന്നു. യെസ് ബാങ്കിന് മുകളില്‍ ആര്‍ബിഐ നിയന്ത്രണം കൊണ്ടുവന്നതോടെ ഇടപാടുകാര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കാന്‍ ബാങ്ക് ശാഖകളിലേക്കെത്തുകയാണ്. പിന്‍വലിക്കാവുന്ന തുക 50,000 ആയി നിയന്ത്രിച്ചെന്ന വാര്‍ത്ത പുറത്ത് വന്നതോടെ പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാന്‍ ആളുകള്‍ ഇരച്ചെത്തിയത് ഓണ്‍ലൈന്‍ സംവിധാനം താറുമാറാക്കി. ബാങ്കിനെ വായ്പകള്‍ നല്‍കുന്നതില്‍ നിന്ന്  ആര്‍ബിഐ വിലക്കിയിട്ടുണ്ട്. 

യെസ് ബാങ്കില്‍നിന്ന് 50,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഏപ്രില്‍ മൂന്നു വരെയാണ് നിയന്ത്രണം. ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് 50000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുന്നതിന് നിക്ഷേപകരെ അനുവദിക്കുന്നതിന് ആര്‍ബിഐയുടെ പ്രത്യേക അനുമതി വേണ മെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. നിക്ഷേപകന്റെയും അയാളുമായി ബന്ധപ്പെട്ടവരുടെയും ചികിത്സാവശ്യത്തിനോ പഠനാവശ്യങ്ങള്‍ക്കോ വിവാഹസംബന്ധമായ ആവശ്യങ്ങള്‍ക്കോ മറ്റു ചടങ്ങുകള്‍ക്കു വേണ്ടിയോ ആണെങ്കില്‍ ആര്‍ബിഐ, 50000 കൂടുതല്‍ പിന്‍വലിക്കാന്‍ അനുമതി നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com