കശ്മീരിലും കൊറോണ, രാജ്യത്ത് രോഗബാധിതര്‍ 42, മുന്‍കരുതല്‍ കര്‍ശനമാക്കി കേന്ദ്രം; കൂടുതല്‍ ലാബുകള്‍ തുറന്നു

രാജ്യത്തെ തുറമുഖങ്ങളില്‍ വിദേശ ക്രൂയിസ് കപ്പലുകളെ നങ്കൂരമിടാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു
കശ്മീരിലും കൊറോണ, രാജ്യത്ത് രോഗബാധിതര്‍ 42, മുന്‍കരുതല്‍ കര്‍ശനമാക്കി കേന്ദ്രം; കൂടുതല്‍ ലാബുകള്‍ തുറന്നു

ന്യൂഡല്‍ഹി: ഇറ്റലിയില്‍ നിന്ന് കൊച്ചിയില്‍ എത്തിയ മൂന്നുവയസുളള കുട്ടിക്കും ഒരു കശ്മീര്‍ സ്വദേശിനിക്കും പുതുതായി രോഗം ബാധിച്ചതായി കണ്ടെത്തിയതോടെ, രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 42 ആയി. ഇതുവരെ രാജ്യത്ത് 42 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്‌പെഷ്യല്‍ സെക്രട്ടറി സഞ്ജീവ് കുമാര്‍ അറിയിച്ചു. ഇതോടെ കേന്ദ്രസര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി. രാജ്യത്തെ തുറമുഖങ്ങളില്‍ വിദേശ ക്രൂയിസ് കപ്പലുകളെ നങ്കൂരമിടാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.  ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യ സന്ദര്‍ശിക്കാന്‍ മാര്‍ച്ച് മൂന്നിലും അതിന് മുന്‍പും അനുവദിച്ച വിസകള്‍ കേന്ദ്രസര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.നിലവിലെ 52 ലബോറട്ടറികള്‍ക്ക് പുറമേ കൊറോണ വൈറസ് പരിശോധനയ്ക്കായി 57 ലാബുകള്‍ കൂടി അധികമായി സജ്ജമാക്കി.

ഇന്നലെ അഞ്ചുപേര്‍ക്ക് പുറമേ ഇന്ന് ഒരാള്‍ക്ക് കൂടിയാണ് കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ആറായി. ഇറ്റലിയില്‍ നിന്ന് കുടുംബത്തൊടൊപ്പം കൊച്ചിയില്‍ എത്തിയ മൂന്നുവയസുളള കുട്ടിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ നിരീക്ഷണത്തിലാണ്. കുട്ടിയുമായി അടുത്ത് ഇടപഴകിയ മറ്റുളളവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

63 വയസുളള സ്ത്രീക്കാണ് ജമ്മു കശ്മീരില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യമായാണ് ജമ്മു കശ്മീരില്‍ കൊറോണ സ്ഥിരീകരിക്കുന്നത്. ഇറാനില്‍ നിന്ന് വന്ന സ്ത്രീയിലാണ് കൊറോണ കണ്ടെത്തിയത്. ജമ്മുവില്‍ സത്ത്‌വാരി, സാര്‍വാള്‍ മേഖലയില്‍ 400 പേര്‍ നിരീക്ഷണത്തിലാണ്. ഈ മേഖലയിലുളള അംഗന്‍വാടികള്‍ മാര്‍ച്ച് 31 വരെ തുറന്നുപ്രവര്‍ത്തിക്കില്ല. കഴിഞ്ഞ ദിവസം തമിഴനാട്ടില്‍ രണ്ടാമത് ഒരാള്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 100 രാജ്യങ്ങളിലായി മൂവായിരത്തിലധികം പേര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇറ്റലിയില്‍ മാത്രം 366 പേരാണ് മരിച്ചത്. ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുളള യാത്രക്കാരെ ഖത്തര്‍ താത്കാലികമായി വിലക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com