നെയ്യും വേപ്പിലയും കര്‍പ്പൂരവും ഉപയോഗിച്ച് ഹോളി ആഘോഷിക്കൂ, വൈറസുകള്‍ പോയി അന്തരീക്ഷം ശുദ്ധമാകും; ഉപദേശവുമായി ഗുജറാത്ത് മുഖ്യമന്ത്രി 

അന്തരീക്ഷത്തെ മാലിന്യമുക്തമാക്കാന്‍ ഹോളി ആഘോഷങ്ങള്‍ക്ക് പശുവിന്‍ നെയ്യ്, വേപ്പില എന്നിവ അടക്കമുളളവ ഉപയോഗിക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഉപദേശം
നെയ്യും വേപ്പിലയും കര്‍പ്പൂരവും ഉപയോഗിച്ച് ഹോളി ആഘോഷിക്കൂ, വൈറസുകള്‍ പോയി അന്തരീക്ഷം ശുദ്ധമാകും; ഉപദേശവുമായി ഗുജറാത്ത് മുഖ്യമന്ത്രി 

അഹമ്മദാബാദ്: അന്തരീക്ഷത്തെ മാലിന്യമുക്തമാക്കാന്‍ ഹോളി ആഘോഷങ്ങള്‍ക്ക് പശുവിന്‍ നെയ്യ്, വേപ്പില എന്നിവ അടക്കമുളളവ ഉപയോഗിക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഉപദേശം. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ആഘോഷങ്ങള്‍ ആരോഗ്യസംരക്ഷണത്തിനുളള വേദിയായി മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗുജറാത്തിലെ ജനങ്ങള്‍ക്കുള്ള ഹോളി ആശംസയിലാണ് മന്ത്രിയുടെ മാര്‍ഗനിര്‍ദ്ദേശം.ഹോളിയുടെ ഭാഗമായി തീര്‍ക്കുന്ന തീക്കുണ്ഡത്തിലേക്ക് പശുവിന്‍ നെയ്യ്, ഉണങ്ങിയ വേപ്പില, കര്‍പ്പൂരം, മരക്കറ, കടുക് എന്നിവ ഇട്ട് അന്തരീക്ഷം ശുദ്ധീകരിക്കണമെന്നാണ് വിജയ് രൂപാണിയുടെ നിര്‍ദ്ദേശം. ഇതുവഴി അന്തരീക്ഷത്തില്‍ കൊറോണ പോലെ പടരുന്ന എല്ലാ രോഗങ്ങള്‍ക്കും ശമനമുണ്ടാകും. അന്തരീക്ഷം മുഴുവന്‍ അണുവിമുക്തമാകുമെന്നും വിജയ് രൂപാണി പറഞ്ഞു.

വിശ്വാസത്തിന്റെ ഭാഗമായി ഹോളി ആഘോഷങ്ങള്‍ക്ക് പരമ്പരാഗതമായി തേങ്ങ, ഈന്തപ്പഴം, പോപ്പ്‌കോണ്‍ എന്നിവയാണ് ഗുജറാത്തില്‍ ഉപയോഗിച്ചുവരുന്നത്. ഇവ തീക്കുണ്ഡത്തിലേക്ക് നിക്ഷേപിക്കുന്നതാണ് പതിവ്. ഇതില്‍ നിന്ന് വ്യത്യസ്തമായി പശുവിന്‍ നെയ്യ് ഉള്‍പ്പെടെയുളള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

അതേസമയം, കൊവിഡ്-19 പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ് രാജ്യം. വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും രാജ്യാതിര്‍ത്തികളിലെയും പരിശോധനകള്‍ കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. 52 പരിശോധനാ ലാബുകളാണ് രാജ്യത്ത് സജ്ജമാക്കിയിരിക്കുന്നത്. രോഗബാധിതര്‍ കൂടുതലുള്ള ഡല്‍ഹി ഉള്‍പ്പെടുന്ന ഉത്തരേന്ത്യന്‍ മേഖലയിലെ സംസ്ഥാനങ്ങളും മുന്‍ കരുതല്‍ നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com