പണത്തെ ചൊല്ലി തര്‍ക്കം, മകനും ഭാര്യയും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി, സ്വാഭാവിക മരണമെന്ന് വരുത്താന്‍ ശ്രമം; സഹോദരന്റെ ഇടപെടലില്‍ പൊളിഞ്ഞു

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 09th March 2020 04:16 PM  |  

Last Updated: 09th March 2020 04:16 PM  |   A+A-   |  

 

ബംഗളൂരു: പണത്തെ ചൊല്ലിയുളള തര്‍ക്കത്തില്‍ ഭര്‍ത്താവുമായി ചേര്‍ന്ന് ഭാര്യ ഭര്‍തൃമാതാവിനെ കൊലപ്പെടുത്തി. സ്വാഭാവിക മരണമെന്ന് വരുത്തിതീര്‍ക്കാനുളള ശ്രമം ഭര്‍തൃമാതാവിന്റെ സഹോദരന്റെ ഇടപെടലിലൂടെയാണ് പൊളിഞ്ഞത്. സഹോദരന്റെ പരാതിയില്‍ സംശയം തോന്നിയ പൊലീസ് ഇരുവരെയും ചോദ്യം ചെയ്തതോടെ കൊലക്കുറ്റം തെളിഞ്ഞു. ഭാര്യയെയും ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ബംഗളൂരുവിലാണ് സംഭവം. 41 വയസുകാരിയായ അനുസൂയാമ്മയാണ് കൊല്ലപ്പെട്ടത്. ഇവരുടെ കൊലപാതകത്തില്‍ മകന്‍ രാജുവും ഭാര്യ വാണിയുമാണ് പിടിയിലായത്. കൂലിപ്പണിക്കാരിയായിരുന്നു അനുസൂയാമ്മ. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

ആവശ്യപ്പെട്ട പണം നല്‍കാനാവില്ല എന്ന് അനുസൂയാമ്മ പറഞ്ഞതാണ് പ്രകോപനത്തിന് കാരണം. തന്നെ നോക്കാന്‍ ആരുമില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അനുസൂയാമ്മ മരുമകളുടെ ആവശ്യം തളളിയത്. തന്റെ ഭര്‍ത്താവ് രാജുവിന് പണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വാണി ഭര്‍തൃമാതാവിനെ സമീപിച്ചത്.

ആവശ്യം നിരസിച്ചതില്‍ പ്രകോപിതയായ വാണി, അനുസൂയാമ്മയുടെ തല ഭിത്തിയില്‍ ഇടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വാണി ഇവരെ കഴുത്തുഞെരിച്ചു കൊന്നു എന്നാണ് കേസ്. സ്വാഭാവിക മരണം എന്ന് വരുത്തി തീര്‍ക്കാന്‍ ഭര്‍തൃമാതാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ശരീരത്തിന്റെ പുറത്തുളള പാടുകളില്‍ സംശയം തോന്നിയ ആശുപത്രി ജീവനക്കാര്‍ പൊലീസിനെ വിവരമറിയിച്ചു.

തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തുനിന്ന പൊലീസ് അനുസൂയാമ്മയുടെ സഹോദരന്റെ പരാതിയുടെ വെളിച്ചത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. ഇതിന് പിന്നാലെ നടന്ന ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തില്‍ രക്തസമ്മര്‍ദ്ദം കുറഞ്ഞ് ഭര്‍തൃമാതാവ് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് സ്ഥാപിക്കാനാണ് ദമ്പതികള്‍ ശ്രമിച്ചത്. എന്നാല്‍ വിവിധ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം ഏറ്റുപറയുകയായിരുന്നു.