'രണ്ടില്‍ കൂടുതല്‍ തവണ വേണ്ട'; യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് സിപിഎം

സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് വീണ്ടും നാമനിര്‍ദ്ദേശം ചെയ്യേണ്ടതില്ലെന്ന് സിപിഎം
'രണ്ടില്‍ കൂടുതല്‍ തവണ വേണ്ട'; യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് സിപിഎം

ന്യൂഡല്‍ഹി: സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് വീണ്ടും നാമനിര്‍ദ്ദേശം ചെയ്യേണ്ടതില്ലെന്ന് സിപിഎം. ഇതോടെ യെച്ചൂരി ഈ സീസണില്‍ രാജ്യസഭയില്‍ എത്തില്ലെന്ന് ഏറെക്കുറെ ഉറപ്പായി. ഫെബ്രുവരി ആറിന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന പിബി യോഗത്തിലാണ് തീരുമാനം

രാജ്യസഭയിലേക്ക് യെച്ചൂരിയുടെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണക്കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചെങ്കിലും കേരളത്തിലെ നേതാക്കള്‍ എതിര്‍പ്പ് അറിയിക്കുകയായിരുന്നു.  രാഷ്ട്രീയ നിര്‍ബന്ധനകളും പാര്‍ട്ടിയുടെ രാജ്യസഭാ നാമനിര്‍ദ്ദേശ ചട്ടവും ഉദ്ധരിച്ചുകൊണ്ടാണ് സീതാറാം യെച്ചൂരിയെ പശ്ചിമ ബംഗാളില്‍ നിന്ന് രാജ്യസഭയിലേക്ക് അയക്കുന്നതിനെ സിപിഎം എതിര്‍ത്തത്.  

പാര്‍ട്ടി ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കുന്ന പാരമ്പര്യമാണ് പാര്‍ട്ടിക്കുള്ളത്. കൂടാതെ ഒരു നേതാവിനെ തുടര്‍ച്ചയായി രണ്ടില്‍ കൂടുതല്‍ തവണ നാമനിര്‍ദ്ദേശം ചെയ്യാറില്ലെന്നും  പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മുതിര്‍ന്ന സിപിഎം നേതാവിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 2005നും 2017നുമിടയില്‍ തുടര്‍ച്ചയായി രണ്ട് തവണ യെച്ചൂരി രാജ്യസഭ എംപിയായിരുന്നു.

2017ല്‍ യെച്ചൂരിയുടെ രാജ്യസഭാംഗത്വ കാലാവധി കഴിയാറായപ്പോള്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വാഗ്ദാനം ചട്ടങ്ങളുടേയും പാര്‍ട്ടി രീതികളുടേയും പേരില്‍ സിപിഎം തള്ളുകയായിരുന്നു.
മാര്‍ച്ച് 26നാണ് പശ്ചിമ ബംഗാളില്‍ നിന്നുള്ള അഞ്ച് രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com