വീണ്ടും 'റിസോര്‍ട്ട്' നാടകം; മധ്യപ്രദേശ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍; അവിശ്വാസപ്രമേയത്തിന് ബിജെപി

ജ്യോതിരാദിത്യ സിന്ധ്യയോട് അടുപ്പം പുലര്‍ത്തുന്നവരാണ് ബെംഗളൂരുവിലെത്തിച്ച എംഎല്‍എമാര്‍
വീണ്ടും 'റിസോര്‍ട്ട്' നാടകം; മധ്യപ്രദേശ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍; അവിശ്വാസപ്രമേയത്തിന് ബിജെപി

ഭോപ്പാല്‍: കമല്‍നാഥ് നേതൃത്വം നല്‍കുന്ന മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയില്‍. ആറ് മന്ത്രിമാരടക്കം 18 കോണ്‍ഗ്രസ് എംഎല്‍എമാരെ പ്രത്യേക വിമാനത്തില്‍ ബംഗളൂരുവിലെ അജ്ഞാത കേന്ദ്രത്തിലെത്തിച്ചു. കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയോട് അടുപ്പം പുലര്‍ത്തുന്നവരാണ് ബെംഗളൂരുവിലെത്തിച്ച എംഎല്‍എമാര്‍

ഡല്‍ഹിയിലുള്ള സിന്ധ്യയുമായി ആശയവിനിമയം നടത്തി പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം ആരംഭിച്ചു. ജോതിരാദിത്യ സിന്ധ്യയ്ക്ക് പിസിസി അധ്യക്ഷസ്ഥാനം നല്‍കുമെന്നാണ് സൂചന. കുതിരക്കച്ചവട നീക്കങ്ങള്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെ കാണാതായ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് കമല്‍നാഥ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി പുതിയ തലവേദന.

മൂന്ന് പ്രത്യേക വിമാനങ്ങളിലാണ് എംഎല്‍എമാരെ ബെംഗളൂരുവില്‍ എത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫാണ്. തിങ്കളാഴ്ച ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി കമല്‍നാഥ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ കാണുകയും സ്ഥിതിഗതികള്‍ അവരെ ധരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് നാടകീയ നീക്കങ്ങള്‍.

ഈ മാസം 16നാണ് മധ്യപ്രദേശില്‍ നിയമസഭാ സമ്മേളനം തുടങ്ങുക. സമ്മേളനത്തില്‍ കമല്‍നാഥ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ബിജെപിയുടെ നീക്കം. കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള പദ്ധതി ഊര്‍ജിതമാക്കുകയാണ് ബിജെപി.

മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ വിജയത്തിന് പിന്നില്‍ പ്രധാന പങ്കുവഹിച്ച ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ 23 എംഎല്‍എമാരുടെ പിന്തുണ മാത്രമെ സിന്ധ്യയ്ക്ക് ഉണ്ടായിരുന്നുള്ളു. ഇതോടെ മുതിര്‍ന്ന നേതാവ് കമല്‍നാഥ് മുഖ്യമന്ത്രിപദം ഏറ്റെടുക്കുകയും സംസ്ഥാന കോണ്‍ഗ്രസില്‍ ആധിപത്യം നിലനിര്‍ത്തുകയും ചെയ്തു. കമല്‍നാഥും സിന്ധ്യും തമ്മിലുടെ ഭിന്നത അടുത്തിടെ മറനീക്കി പുറത്തുവന്നിരുന്നു. സംസ്ഥാനത്തെ ഗസ്റ്റ് അധ്യാപകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്ന് സിന്ധ്യ അടുത്തിടെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എങ്കില്‍ അങ്ങനെ ചെയ്യാന്‍ സിന്ധ്യയെ കമല്‍നാഥ് വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com