അച്ഛന്റെ ജന്മദിനത്തില്‍ മകന്റെ നിര്‍ണായക കരുനീക്കങ്ങള്‍ ; സിന്ധ്യ നരേന്ദ്രമോദിയെ കണ്ടു ; കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് ?

സിന്ധ്യയെ അനുകൂലിക്കുന്ന മന്ത്രിമാര്‍ ഉള്‍പ്പെടെ 18 എംഎല്‍എമാര്‍ ബംഗലൂരുവിലേക്ക് കടന്നതോടെയാണ് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്
അച്ഛന്റെ ജന്മദിനത്തില്‍ മകന്റെ നിര്‍ണായക കരുനീക്കങ്ങള്‍ ; സിന്ധ്യ നരേന്ദ്രമോദിയെ കണ്ടു ; കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് ?

ന്യൂഡല്‍ഹി : മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ നിര്‍ണയ നീക്കങ്ങള്‍. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞിനില്‍ക്കുന്ന യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായും സിന്ധ്യയ്‌ക്കൊപ്പം മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.  ഇടഞ്ഞുനില്‍ക്കുന്ന സിന്ധ്യയെ മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നു. 

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അന്തരിച്ച മാധവറാവു സിന്ധ്യയുടെ ജന്മദിനത്തിലാണ് 49 കാരനായ മകന്റെ രാഷ്ട്രീയ കരുനീക്കങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. സിന്ധ്യയെ പ്രീണിപ്പിക്കുക ലക്ഷ്യമിട്ട് ശിവരാജ് സിങ് ചൗഹാന്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ മാധവറാവു സിന്ധ്യയ്ക്ക് പുഷ്പാര്‍ച്ചന നടത്തി. മാധവറാവു സിന്ധ്യയെ അനുസ്മരിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങും ട്വീറ്റ് ചെയ്തു.

പരമശ്രേഷ്ഠനായ മാധവറാവു സിന്ധ്യയുടെ പ്രത്യയശാസ്ത്രപരമായ ഉന്നതി, രാഷ്ട്രീയ പാണ്ഡിത്യം, പരമമായ ധാര്‍മ്മികത, കോണ്‍ഗ്രസിനോടുള്ള പ്രതിബദ്ധത എന്നിവ ഇന്നും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നാഴികക്കല്ലുകളാണ്, എല്ലായ്‌പ്പോഴും അങ്ങനെ തന്നെ ആയിരിക്കും. ദിഗ് വിജയ് സിങ് ട്വീറ്റില്‍ കുറിച്ചു. 

രാജ്യസഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ, ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന മന്ത്രിമാര്‍ ഉള്‍പ്പെടെ 18 എംഎല്‍എമാര്‍ ബംഗലൂരുവിലേക്ക് കടന്നതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. പിസിസി അധ്യക്ഷസ്ഥാനം ലഭിക്കാത്തതില്‍ അതൃപ്തനായ സിന്ധ്യ, രാജ്യസഭാ സീറ്റ് കൂടി ലക്ഷ്യമിട്ടാണ് വിമത നീക്കത്തിന് തുടക്കമിട്ടത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതിനെ തുടര്‍ന്ന് ജ്യോതിരാദിത്യ സിന്ധ്യ, മുഖ്യമന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു. 


ജ്യോതിരാദിത്യ സിന്ധ്യ ക്യാമ്പ് ബിജെപി ക്യാമ്പിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. സിന്ധ്യയെ ബിജെപി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. അതേസമയം പ്രശ്‌നപരിഹാരനീക്കങ്ങള്‍ കോണ്‍ഗ്രസ് തുടരുകയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 20 മന്ത്രിമാര്‍ രാജിസമര്‍പ്പിച്ചു. സിന്ധ്യക്കൊപ്പം നില്‍ക്കുന്ന വിമതരെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണ് നീക്കം. 29 അംഗങ്ങളാണ് കമല്‍നാഥ് മന്ത്രിസഭയിലുണ്ടായിരുന്നത്. ഇവരില്‍ ഇരുപതുപേരാണ് രാജിസമര്‍പ്പിച്ചത്. 

സിന്ധ്യയ്ക്ക് രാജ്യസഭ സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്. സിന്ധ്യ അനുയായി ആയ സംസ്ഥാന ആരോഗ്യമന്ത്രിയും ദലിത് നേതാവുമായ തുള്‍സി സിലാവതിനെ പിസിസി അധ്യക്ഷനാക്കാമെന്നുമാണ് വാഗ്ദാനം നല്‍കിയിട്ടുള്ളത്. ജ്യോതിരാദിത്യ സിന്ധ്യയെ പിസിസി അധ്യക്ഷനാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് മുഖ്യമന്ത്രി കമല്‍നാഥും അറിയിച്ചിട്ടുണ്ട്. അതിനിടെ സിന്ധ്യയ്ക്ക് പിന്തുണയുമായി അഞ്ച് എംഎല്‍എമാര്‍ കൂടി രംഗത്തെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. 

രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോണ്‍ഗ്രസിനുള്ളിലെ പോര് മറനീക്കി പുറത്ത് വന്നത്. രണ്ടുതവണ മുഖ്യമന്ത്രിയായ ദിഗ് വിജയ് സിങ്ങിന്റെ രാജ്യസഭയിലെ കാലാവധി ഏപ്രിലില്‍ അവസാനിക്കുകയാണ്. ഒഴിവുവരുന്ന ഈ സീറ്റില്‍ ദിഗ് വിജയ് സിങ്ങും പിസിസി അധ്യക്ഷസ്ഥാനം ലഭിക്കാത്തതില്‍ അതൃപ്തിയുള്ള ജ്യോതിരാദിത്യ സിന്ധ്യയും അവകാശവാദമുന്നയിക്കുന്നുണ്ട്.

സ്വതന്ത്രര്‍ (നാല്), ബി.എസ്.പി. (രണ്ട്), എസ്.പി. (ഒന്ന്) എന്നിവയുടെ പിന്തുണയോടെ രണ്ടു രാജ്യസഭാ സീറ്റുകളില്‍ കോണ്‍ഗ്രസിന് വിജയിക്കാനാവും. ദിഗ് വിജയ് സിങ്ങിനും സിന്ധ്യയ്ക്കും ഇതു നല്‍കിയാല്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് സീറ്റു ലഭിക്കാതാവും. അതിനാല്‍ പ്രിയങ്കാഗാന്ധിയെ മധ്യപ്രദേശില്‍നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ കമല്‍നാഥിന്റെ അനുകൂലികള്‍ ശ്രമം നടത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com