ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടു ; മധ്യപ്രദേശിൽ 14 എംഎൽഎമാർ രാജിക്കത്ത് നൽകി

ജനങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പുതിയ തുടക്കം വേണമെന്ന് രാജിക്കത്തില്‍ സിന്ധ്യ അഭിപ്രായപ്പെട്ടു
ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടു ; മധ്യപ്രദേശിൽ 14 എംഎൽഎമാർ രാജിക്കത്ത് നൽകി

ഭോപ്പാല്‍ : നേതൃത്വവുമായി ഇടഞ്ഞിനില്‍ക്കുന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. രാജ്യത്തിനും ജനത്തിനും വേണ്ടി പ്രവർത്തനം തുടരും. എന്നാൽ കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ഇനിയും ജനങ്ങളെ സേവിക്കാനാവില്ല. അതുകൊണ്ട് പാര്‍ട്ടി വിടുകയാണെന്ന് സിന്ധ്യ രാജിക്കത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് സിന്ധ്യ രാജിക്കത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 

സിന്ധ്യ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമായി നിലനില്‍ക്കെ, അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഒപ്പമാണ് സിന്ധ്യ മോദിയെ കണ്ടത്. സിന്ധ്യയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനം മോദി വാഗ്ദാനം ചെയ്തതായാണ് സൂചന. മധ്യപ്രദേശിൽ സിന്ധ്യയെ അനുകൂലിക്കുന്ന 14 എംഎൽഎമാർ രാജിക്കത്ത് നൽകി.

രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോണ്‍ഗ്രസിനുള്ളിലെ പോര് മറനീക്കി പുറത്ത് വന്നത്. സിന്ധ്യയെ അനുകൂലിക്കുന്ന മന്ത്രിമാര്‍ ഉള്‍പ്പെടെ 18 എംഎല്‍എമാര്‍ ബംഗലൂരുവിലേക്ക് കടന്നതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. രണ്ടുതവണ മുഖ്യമന്ത്രിയായ ദിഗ് വിജയ് സിങ്ങിന്റെ രാജ്യസഭയിലെ കാലാവധി ഏപ്രിലില്‍ അവസാനിക്കുകയാണ്. ഒഴിവുവരുന്ന ഈ സീറ്റില്‍ ദിഗ് വിജയ് സിങ്ങും പിസിസി അധ്യക്ഷസ്ഥാനം ലഭിക്കാത്തതില്‍ അതൃപ്തിയുള്ള ജ്യോതിരാദിത്യ സിന്ധ്യയും അവകാശവാദമുന്നയിച്ചിരുന്നു. 

സ്വതന്ത്രര്‍ (നാല്), ബി.എസ്.പി. (രണ്ട്), എസ്.പി. (ഒന്ന്) എന്നിവയുടെ പിന്തുണയോടെ രണ്ടു രാജ്യസഭാ സീറ്റുകളില്‍ കോണ്‍ഗ്രസിന് വിജയിക്കാനാവും. ദിഗ് വിജയ് സിങ്ങിനും സിന്ധ്യയ്ക്കും ഇതു നല്‍കിയാല്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് സീറ്റു ലഭിക്കാതാവും. അതിനാല്‍ പ്രിയങ്കാഗാന്ധിയെ മധ്യപ്രദേശില്‍നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ കമല്‍നാഥിന്റെ അനുകൂലികള്‍ ശ്രമം നടത്തിയിരുന്നു. സിന്ധ്യ കോൺ​ഗ്രസിൽ നിന്നും രാജിവെക്കുകയും, പിന്നാലെ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന 14 എംഎൽഎമാരും രാജിവെച്ചതോടെ, മധ്യപ്രദേശിലെ കമൽനാഥ് സർക്കാർ ന്യൂനപക്ഷമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com