'പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം' നടത്തി ; രാജിവെച്ച സിന്ധ്യയെ പുറത്താക്കി കോണ്‍ഗ്രസ് 

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 10th March 2020 12:53 PM  |  

Last Updated: 10th March 2020 12:53 PM  |   A+A-   |  

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി : പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ കോണ്‍ഗ്രസ് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് നടപടി. പുറത്താക്കാനുള്ള തീരുമാനത്തിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി അംഗീകാരം നല്‍കിയതായി വാര്‍ത്താക്കുറിപ്പില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു. പുറത്താക്കല്‍ നടപടി ഉടന്‍ പ്രാബല്യത്തില്‍ വന്നതായും വേണുഗോപാല്‍ വ്യക്തമാക്കി. 

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ജ്യോതിരാദിത്യ സിന്ധ്യ ഇടഞ്ഞുനില്‍ക്കുകയായിരുന്നു. രാജ്യസഭ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് പാര്‍ട്ടിയിലെ ഭിന്നത രൂക്ഷമായത്. രണ്ടുതവണ മുഖ്യമന്ത്രിയായ ദിഗ് വിജയ് സിങ്ങിന്റെ രാജ്യസഭയിലെ കാലാവധി ഏപ്രിലില്‍ അവസാനിക്കുകയാണ്. ഒഴിവുവരുന്ന ഈ സീറ്റില്‍ ദിഗ് വിജയ് സിങ്ങും സിന്ധ്യയും അവകാശവാദമുന്നയിച്ചിരുന്നു. നേരത്തെ മുഖ്യമന്ത്രി സ്ഥാനം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് സിന്ധ്യ അതൃപ്തിയിലായിരുന്നു. പിസിസി അധ്യക്ഷസ്ഥാനം ആവശ്യപ്പെട്ടെങ്കിലും കമല്‍നാഥ്-ദിഗ് വിജയ് സിങ് പക്ഷം എതിര്‍ത്തതോടെ ഇതും ലഭിച്ചിരുന്നില്ല. 

കഴിഞ്ഞദിവസം സിന്ധ്യയെ അനുകൂലിക്കുന്ന 18 എംഎല്‍എമാര്‍ കര്‍ണാടകത്തിലേക്ക് കടന്നതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. സിന്ധ്യയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമങ്ങള്‍ തുടരുന്നതിനിടെ, രാവിലെ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഒപ്പമായിരുന്നു മോദിയുമായുള്ള കൂടിക്കാഴ്ച. സിന്ധ്യയെ മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ബിജെപിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. സിന്ധ്യയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനം മോദി വാഗ്ദാനം ചെയ്തതായാണ് സൂചന.