പൂനെയില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ ; രോഗബാധിതരുടെ എണ്ണം 46 ആയി ; മ്യാന്മാര്‍ അതിര്‍ത്തി അടച്ചു ; ഇറാനില്‍ കുടുങ്ങിയ 58 പേരെ ഇന്ത്യയിലെത്തിച്ചു

കൊറോണ വൈറസ് ബാധ ആഗോള ഭീഷണിയായി മാറുന്നുവെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനോം ഗബ്രിയൂസസ്
പൂനെയില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ ; രോഗബാധിതരുടെ എണ്ണം 46 ആയി ; മ്യാന്മാര്‍ അതിര്‍ത്തി അടച്ചു ; ഇറാനില്‍ കുടുങ്ങിയ 58 പേരെ ഇന്ത്യയിലെത്തിച്ചു

ന്യൂഡല്‍ഹി : മഹാരാഷ്ട്രയിലെ പൂനെയില്‍ രണ്ടുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ദുബായിയില്‍ നിന്നെത്തിയ ദമ്പതികള്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മാര്‍ച്ച് ഒന്നിനാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. ഇവരുടെ പരിശോധനഫലം പോസിറ്റീവ് ആണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതോടെ രാജ്യത്തെ  കൊറോണ ബാധിതരുടെ എണ്ണം 46 ആയി ഉയര്‍ന്നു. 

കേരളത്തില്‍ മൂന്നു വയസ്സുള്ള കുട്ടിക്കും, ഡല്‍ഹി, ഉത്തര്‍പ്രദേശ്, അമൃത്സര്‍, ജമ്മു എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും വീതം ഇന്നലെ കൊറോണ സ്ഥിരീകരിച്ചിരുന്നു. കൊറോണ ഭീഷണി അതിരൂക്ഷമായ ഇറാനിലെ ടെഹ്‌റാനില്‍ കുടുങ്ങിപ്പോയ ഇന്ത്യന്‍ തീര്‍ത്ഥാടക സംഘത്തിലെ 58 പേരെ ഇന്ത്യയിലെത്തിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തില്‍ ഗാസിയാബാദ് എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലാണ് ഇവരെ എത്തിച്ചത്. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. 

കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ മണിപ്പൂര്‍ സര്‍ക്കാര്‍ മ്യാന്മറുമായുള്ള അതിര്‍ത്തി അടച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അന്താരാഷ്ട്ര അതിര്‍ത്തി അടച്ചിടുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങ് അറിയിച്ചു.  മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നടപടി. നേപ്പാള്‍ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളും അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കിയിട്ടുണ്ട്. 

അതിനിടെ കൊറോണ വൈറസ് ബാധ ആഗോള ഭീഷണിയായി മാറുന്നുവെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനോം ഗബ്രിയൂസസ് പറഞ്ഞു. ലോകമാകെ വൈറസ് പടരുന്ന സ്ഥിതിയാണ്. ഇതുവരെ ലോകത്ത് 1,13,000 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. രോഗം ബാധിച്ചുള്ള മരണം 4000 കവിഞ്ഞതായും ഗബ്രിയൂസസ് പറഞ്ഞു. മംഗോളിയയിലും ആദ്യ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഫ്രഞ്ച് പൗരനാണ് രോഗം കണ്ടെത്തിയത്. 57 കാരനായ ഇയാള്‍ 42 പേരെ സന്ദര്‍ശിക്കുകയും 120 ഓളം പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും മംഗോളിയന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com