ഇറ്റലിയിലേക്ക് മെഡിക്കല്‍ സംഘം, വൈറസ് ബാധ ഇല്ലാത്തവരെ തിരിച്ചുകൊണ്ടുവരും: വി മുരളീധരന്‍

വൈറസ് ബാധ ഇല്ലാത്തവരെ തിരിച്ചുകൊണ്ടുവരുമെന്നും മറ്റുള്ളവരെ അവിടെത്തന്നെ ചികിത്സിക്കാന്‍ സംവിധാനമുണ്ടാക്കുമെന്നും മുരളീധരന്‍
ടെലിവിഷന്‍ ദൃശ്യം
ടെലിവിഷന്‍ ദൃശ്യം

ന്യൂഡല്‍ഹി: കൊറോണ ബാധിതമായ ഇറ്റലിയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ പരിശോധിക്കാന്‍ മെഡിക്കല്‍ സംഘത്തെ അയയ്ക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഇവരില്‍ വൈറസ് ബാധ ഇല്ലാത്തവരെ തിരിച്ചുകൊണ്ടുവരുമെന്നും മറ്റുള്ളവരെ അവിടെത്തന്നെ ചികിത്സിക്കാന്‍ സംവിധാനമുണ്ടാക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

ഇന്ത്യയില്‍നിന്നു ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇറ്റലിയില്‍ കുടുങ്ങിയ പശ്ചാത്തലത്തിലാണ് വിദേശകാര്യമന്ത്രിയുടെ വിശദീകരണം. ആരോഗ്യരംഗത്ത് യുദ്ധസമാനമായ സാഹചര്യമാണ് ഉള്ളതെന്ന് വി മുരളീധരന്‍ പറഞ്ഞു. അതുകൊണ്ടാണ് കൊവിഡ് 19 നെഗറ്റിവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആരോഗ്യമന്ത്രാലയം ഉത്തരവിറക്കിയത്. ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ഇറ്റലിയിലെ ഡോക്ടര്‍മാര്‍ തയാറാവാത്ത സാഹചര്യമുണ്ട്. അതിനാലാണ് ഇന്ത്യയില്‍നിന്ന് മെഡിക്കല്‍ സംഘത്തെ അയയ്ക്കാന്‍ തീരുമാനിച്ചത്. 

കൊവിഡ് നെഗറ്റിവ് ആയവരെ മാത്രമാണ് ഇന്ത്യയിലേക്കു കൊണ്ടുവരിക. വൈറസ് ബാധ ഉള്ളവരെയും ഇല്ലാത്തവരെയും ഒരേ വിമാനത്തില്‍ കൊണ്ടുവരുന്നത് പ്രായോഗികമല്ല. ഇതു കൂടുതല്‍ പേരിലേക്കു രോഗം പടരാന്‍ ഇടയാക്കും. രോഗം ബാധിച്ചവര്‍ക്ക് അവിടെത്തന്നെ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ശ്രമം നടത്തുമെന്ന് മുരളീധരന്‍ പറഞ്ഞു.

കൊവിഡ് ബാധയുടെ പശ്ചാത്തില്‍ വിദേശകാര്യമന്ത്രാലയം ഒന്നും ചെയ്യുന്നില്ലെന്ന പ്രചാരണം തെറ്റാണ്. ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചു നാട്ടിലെത്തിച്ചത് ഉള്‍പ്പെടെ നിരവധി ഇടപെടലുകള്‍ നടത്തി. ഇത് ഓരോ ദിവസവും മാധ്യമങ്ങളില്‍ വാര്‍ത്തയാക്കുന്ന പതിവ് മന്ത്രാലയത്തിനില്ലെന്ന് വിദേശകാര്യ സഹമന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്റെ നിലപാടു മൂലമാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചെത്താനാവാത്തതെന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെ മുരളീധരന്‍ വിമര്‍ശിച്ചു. ഇത് കേന്ദ്ര സംസ്ഥാന പ്രശ്‌നമായി കാണേണ്ട. ഇത്തരമൊരു സാഹചര്യത്തില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയ മുതലെടുപ്പിനാണെന്ന് മുരളീധരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com