ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം, വിദേശയാത്ര വേണ്ട, പരിഭ്രാന്തിയല്ല മുന്‍കരുതലാണ് വേണ്ടത്; അഭ്യര്‍ത്ഥനയുമായി മോദി

രാജ്യത്ത് കോവിഡ്‌ 19 പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം, വിദേശയാത്ര വേണ്ട, പരിഭ്രാന്തിയല്ല മുന്‍കരുതലാണ് വേണ്ടത്; അഭ്യര്‍ത്ഥനയുമായി മോദി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്‌ 19 പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. അതിനാല്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കി രോഗം പടരുന്നത് തടയാന്‍ ശ്രമിക്കണമെന്ന് മോദി അഭ്യര്‍ത്ഥിച്ചു.

ഈഘട്ടത്തില്‍ രോഗബാധയെ കുറിച്ച് ഓര്‍ത്ത് പരിഭ്രാന്തരാകുകയല്ല വേണ്ടത്. വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനാണ് തയ്യാറാവേണ്ടതെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. വരുംദിവസങ്ങളില്‍ കേന്ദ്രസര്‍ക്കാരിലെ ഒരു മന്ത്രിയും രാജ്യത്തിന് പുറത്ത് പോകുകയില്ല. രാജ്യത്തെ ജനങ്ങളും ഇത്തരത്തിലുളള യാത്രകള്‍ ഒഴിവാക്കണമെന്നും മോദി അഭ്യര്‍ത്ഥിച്ചു.

കോവിഡ് 19 രോഗബാധയില്‍ സര്‍ക്കാര്‍ പൂര്‍ണമായി ജാഗ്രതയിലാണ്. സ്ഥിതിഗതികള്‍ സര്‍ക്കാര്‍ സൂക്ഷ്മമായി വിലയിരുത്തി വരികയാണ്‌. സുരക്ഷ ഉറപ്പുവരുത്താന്‍ സംസ്ഥാനങ്ങള്‍, മന്ത്രിമാര്‍ എന്നിങ്ങനെയുളളവര്‍ വ്യത്യസ്ത തലത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ച് മുന്നോട്ടുപോകുകയാണ്. വിസ താത്കാലികമായി റദ്ദാക്കിയത് ഉള്‍പ്പെടെയുളള വിപുലമായ നടപടികള്‍ ഇതിന്റെ ഭാഗമാണെന്നും മോദി പറഞ്ഞു.

കഴിഞ്ഞദിവസം, കൊറോണ വൈറസ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്ന് നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസില്‍ എന്തുചെയ്യണം, എന്തുചെയ്യരുതെന്ന അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുത്. പകരം ഡോക്ടറുടെ സേവനം തേടുകയാണ് വേണ്ടതെന്നും മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com