കോണ്‍ഗ്രസ് പാഠം പഠിച്ചില്ലെങ്കില്‍ അടുത്തത് രാജസ്ഥാനില്‍ ; കമല്‍നാഥ് യുവതലമുറയെ വില കുറച്ചുകണ്ടു ; വിമര്‍ശനവുമായി ശിവസേന

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുകയാണെങ്കില്‍ അതിന്റെ ക്രെഡിറ്റ് ബിജെപിക്കല്ല
കോണ്‍ഗ്രസ് പാഠം പഠിച്ചില്ലെങ്കില്‍ അടുത്തത് രാജസ്ഥാനില്‍ ; കമല്‍നാഥ് യുവതലമുറയെ വില കുറച്ചുകണ്ടു ; വിമര്‍ശനവുമായി ശിവസേന

മുംബൈ : മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പ്രതിസന്ധി സൃഷ്ടിച്ച് ജ്യോതിരാദിത്യ സിന്ധ്യയും കൂട്ടരും പാര്‍ട്ടി വിട്ടതില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സഖ്യകക്ഷിയായ ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണ് ശിവസേന കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചത്. മധ്യപ്രദേശിലെ സാഹചര്യങ്ങളില്‍ നിന്നും കോണ്‍ഗ്രസ് പാഠം പഠിച്ചില്ലെങ്കില്‍, ഈ സ്ഥിതി ഇനി രാജസ്ഥാനിലായിരിക്കും ആവര്‍ത്തിക്കുകയെന്നും സാമ്‌ന പറയുന്നു.

സിന്ധ്യയുടെ നേതൃത്വത്തില്‍ 22 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുകയാണെങ്കില്‍ അതിന്റെ ക്രെഡിറ്റ് ബിജെപിക്കല്ല. കമല്‍നാഥിന്റെ അശ്രദ്ധയും ധാര്‍ഷ്ട്യവും യുവതലമുറയെ വിലകുറച്ചുകാണുന്ന പ്രവണതയുമാണ് സര്‍ക്കാരിന്റെ പതനത്തിന് കാരണമെന്നും സാമ്‌ന കുറ്റപ്പെടുത്തുന്നു. 

കമല്‍നാഥും ദിഗ് വിജയ് സിങും മധ്യപ്രദേശിലെ മുതിര്‍ന്ന നേതാക്കളാണ്. അവരുടെ സാമ്പത്തികശേഷിയും ഉയര്‍ന്നതാണ്. അതുകൊണ്ടാണ് അവര്‍ക്ക് കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ലഭിച്ചത്. എങ്കില്‍പ്പോലും ജ്യോതിരാദിത്യ സിന്ധ്യയെ അവഗണിച്ചുകൊണ്ട് സംസ്ഥാനത്ത് മുന്നോട്ടുപാകാനാകുമായിരുന്നില്ല. സംസ്ഥാനമൊട്ടാകെ സ്വാധീനമില്ലെങ്കിലും, ഗ്വാളിയോര്‍, ഗുണ പോലുള്ള പ്രദേശങ്ങളില്‍ സിന്ധ്യയ്ക്ക് സ്വാധീനമുണ്ടെന്ന് സാമ്‌ന പറയുന്നു. 

നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് മധ്യപ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജ്യോതിരാദിത്യ സിന്ധ്യയെയാണ് ഉയര്‍ത്തിക്കാട്ടിയിരുന്നത്. പിന്നീട് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തെ തള്ളിമാറ്റുകയായിരുന്നു. കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാര്‍ പതിച്ചപ്പോള്‍, ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയെ ജനാധിപത്യത്തെ ശ്വാസം മുട്ടിച്ചു കൊല്ലുന്ന പാര്‍ട്ടി എന്നാണ് വിശേഷിപ്പിച്ചതെന്നും സാമ്‌ന ഓര്‍മ്മപ്പെടുത്തി. മധ്യപ്രദേശിലെ ഈ അനുഭവത്തില്‍ നിന്നും കോണ്‍ഗ്രസ് പാഠംപഠിക്കണം. അല്ലെങ്കില്‍ സമീപഭാവിയില്‍ ഇത് രാജസ്ഥാനിലും ആവര്‍ത്തിച്ചേക്കാമെന്നും സാമ്‌ന അഭിപ്രായപ്പെട്ടു.

രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലുള്ള ഗ്രൂപ്പ് പോര് സൂചിപ്പിച്ചാണ് സാമ്‌നയുടെ പരാമര്‍ശം. മധ്യപ്രദേശില്‍ ബിജെപിയുടെ പദ്ധതി വിലപ്പോകില്ല. കമല്‍നാഥ് തന്ത്രങ്ങളറിയാവുന്ന മുതിര്‍ന്ന നേതാവാണ്. സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തില്‍ ഏറാമെന്ന ബിജെപിയുടെ മോഹം നടക്കില്ലെന്നും സാമ്‌ന സൂചിപ്പിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com