ഇന്ത്യയില്‍ ആദ്യ കോവിഡ് മരണം; കര്‍ണാടകയില്‍ 76കാരന്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th March 2020 10:26 PM  |  

Last Updated: 12th March 2020 10:43 PM  |   A+A-   |  

 

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം കര്‍ണാടക സ്വദേശി മരിച്ചത് കോവിഡ് 19 രോഗബാധയെ തുടര്‍ന്നെന്ന് സ്ഥിരീകരണം. കല്‍ബുര്‍ഗി സ്വദേശിയായ മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി ആണ് മരിച്ചത്. 76 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് മരിച്ച ആദ്യ ഇന്ത്യക്കാരനാണ് സിദ്ദിഖി.

സൗദി അറേബ്യയില്‍ നിന്ന് ഉംറ തീര്‍ഥാടനം കഴിഞ്ഞ് സിദ്ദിഖി ഇന്ത്യയില്‍ എത്തിയത് ഫെബ്രുവരി 29നാണ്. ശ്വാസതടസ്സം, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്നലെയാണ് മരിച്ചത്. മാര്‍ച്ച് അഞ്ചിനാണ് ഇദ്ദേഹം ചികിത്സ തേടിയത്. മുഹമ്മദ് ഹുസൈനുമായി ഇടപഴകിയവരെ കണ്ടെത്തുന്നതിനുളള ശ്രമം കര്‍ണാടക ആരോഗ്യവകുപ്പ് തീവ്രമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദിലേക്ക് യാത്ര ചെയ്തിരുന്നതിനാല്‍ അവിടെയും ഇദ്ദേഹവുമായി ഇടപഴകിയവരെ കണ്ടെത്തുന്നതിനുളള ശ്രമം ആരംഭിച്ചിട്ടുണ്ട്. 

രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 73 ആയതായാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍. രോഗബാധിതരില്‍ 56 ഇന്ത്യക്കാരും 17 വിദേശികളുമാണുള്ളത്. വ്യാഴാഴ്ച മാത്രം പുതുതായി 13 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലുവ് അഗര്‍വാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.