ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 73 ആയി ഉയര്‍ന്നു ; കനത്ത ജാഗ്രതയില്‍ ; വിദേശയാത്ര ഒഴിവാക്കാന്‍ നിര്‍ദേശം

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 73 ആയി ഉയര്‍ന്നു ; കനത്ത ജാഗ്രതയില്‍ ; വിദേശയാത്ര ഒഴിവാക്കാന്‍ നിര്‍ദേശം

വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ വിദേശയാത്ര പരമാവധി ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കൊറോണ ബാധിതരുടെ എണ്ണം ഇന്ത്യയില്‍ 73 ആയി ഉയര്‍ന്നു. പുതുതായി 13 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേരളത്തില്‍ 14 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചപ്പോള്‍, കൊറോണ ബാധിച്ച 14 വിദേശികള്‍ ഹരിയാനയില്‍ ചികില്‍സയിലാണ്. ഡല്‍ഹിയില്‍ ആറുപേര്‍ക്കും, ഉത്തര്‍പ്രദേശില്‍ 10 പേര്‍ക്കും മഹാരാഷ്ട്രയില്‍ 11 പേര്‍ക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

യുപിയില്‍ ചികില്‍സയിലുള്ള 10 പേരില്‍ ഒരാള്‍ വിദേശ പൗരനാണ്. രാജസ്ഥാനില്‍ ഒരു ഇന്ത്യാക്കാരനും രണ്ട് വിദേശികള്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. കര്‍ണാടകയില്‍ നാലുപേര്‍ക്കും ലഡാക്കില്‍ മൂന്നുപേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തെലങ്കാന, തമിഴ്‌നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതോടെ കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നടപടികളും ശക്തമാക്കിയിട്ടുണ്ട്. 

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒത്തുചേരുന്നത് ഒഴിവാക്കണമെന്ന് എല്ലാ കായിക ഫെഡറേഷനുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം കര്‍ശനമായി പാലിക്കണം.  ബിസിസിഐ അടക്കം എല്ലാ ഫെഡറേഷനുകള്‍ക്കും നിര്‍ദേശം ബാധകമാണെന്ന് കായികമന്ത്രാലയം സെക്രട്ടറി രാധേശ്യാം ജുലാനിയ അറിയിച്ചു. 

അതിനിടെ കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെടാന്‍ കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇറാനില്‍ കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ രാജ്യത്ത് തിരികെ എത്തിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. ഇതുസംബന്ധിച്ച സ്ഥിതിവിവര റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചു. ലോകത്തെ 100 ലേറെ രാജ്യങ്ങളില്‍ വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ വിദേശയാത്ര പരമാവധി ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com