സിന്ധ്യ പോയതില്‍ അത്ഭുതമില്ല; കോണ്‍ഗ്രസില്‍ നിന്ന് ഇനിയും ആളൊഴുകുമെന്ന് നഗ്മ

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 12th March 2020 10:04 PM  |  

Last Updated: 12th March 2020 10:04 PM  |   A+A-   |  

 

ചെന്നൈ: ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതില്‍ അത്ഭുതപ്പെടാനില്ലെന്ന് നടിയും മഹിള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ നഗ്മ. മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി 6 മന്ത്രിമാരടക്കം 22 എംഎല്‍എമാരെ തനിക്കൊപ്പം നിര്‍ത്തിയാണു സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നതിനു തൊട്ടുപിന്നാലെ സിന്ധ്യയെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പാര്‍ട്ടി പ്രഖ്യാപിച്ചു.

സിന്ധ്യ കോണ്‍ഗ്രസ് വിട്ടതു നിര്‍ഭാഗ്യകരമാണെന്നും പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതാണെന്നും ചൂണ്ടിക്കാട്ടി സുഹൃത്തും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ് ട്വീറ്റ് ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണു നഗ്മയുടെ ട്വീറ്റ്. 'നമ്മളില്‍ പലര്‍ക്കും ധാരാളം അസംതൃപ്തിയുണ്ട്. എന്നാല്‍ ഇതു കണ്ടു മനസ്സിലാക്കുന്നതില്‍ പാര്‍ട്ടി പരാജയമാണ്. പ്രത്യയശാസ്ത്രപരമായ പ്രശ്‌നമല്ലിത്. ഒരാളുടെ അധ്വാനത്തെ തിരിച്ചറിയുകയും അയാള്‍ക്ക് അര്‍ഹമായതു നല്‍കുകയുമാണു വേണ്ടത്. അതിനാല്‍ സിന്ധ്യ പോയതില്‍ അത്ഭുതമില്ല. ധാരാളം പേര്‍ പിന്നാലെയുണ്ട്'– നഗ്മ പറഞ്ഞു.