കര്‍ണാടകയ്ക്ക്പിന്നാലെ മഹാരാഷ്ട്രയിലും കടുത്ത നിയന്ത്രണങ്ങള്‍; തിയേറ്ററുകളും ജിമ്മുകളും അടച്ചിടും

 കോവിഡ് 19 ഭീതിയില്‍ കര്‍ണാടകയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലും കടുത്ത നിയന്ത്രണങ്ങള്‍
കര്‍ണാടകയ്ക്ക്പിന്നാലെ മഹാരാഷ്ട്രയിലും കടുത്ത നിയന്ത്രണങ്ങള്‍; തിയേറ്ററുകളും ജിമ്മുകളും അടച്ചിടും

മുംബൈ:  കോവിഡ് 19 ഭീതിയില്‍ കര്‍ണാടകയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലും കടുത്ത നിയന്ത്രണങ്ങള്‍. സംസ്ഥാനത്തെ മുംബൈ ഉള്‍പ്പെടെയുളള അഞ്ചു പ്രമുഖ നഗരങ്ങളില്‍ തിയേറ്ററുകള്‍ ജിമ്മുകള്‍ സ്വിമ്മിങ് പൂള്‍ എന്നിവ അടച്ചിടാനാണ് ഉത്തരവ്. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഇന്ന് രാത്രി 12 മണി മുതല്‍ അടച്ചിടാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. 

മുംബൈയ്ക്ക് പുറമേ നാഗ്പൂര്‍, താനെ, പിംപ്രി ചിഞ്ച്‌വാഡ്, പുനെ, നവി മുംബൈ എന്നി നഗരങ്ങളിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.  രാജ്യത്ത് കോവിഡ് 19 ബാധിച്ച 81 പേരില്‍ 14 കേസുകള്‍ മഹാരാഷ്ട്രയില്‍ നിന്നുളളതാണ്.  ഡല്‍ഹിയിലും കേരളത്തിലും തിയേറ്ററുകള്‍ അടഞ്ഞുകിടക്കുകയാണ്. ഇതിന് പിന്നാലെയാണ് കര്‍ണാടകയും മഹാരാഷ്ട്രയും ഇത്തരം നടപടികള്‍ സ്വീകരിച്ചത്. വൈറസ് വ്യാപനം തടയുന്നതിന് ജീവനക്കാര്‍ക്ക് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ സാധിക്കുന്ന കമ്പനികള്‍, ആ സാധ്യത പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിര്‍ദേശിച്ചു. 

കോവിഡ് 19 ബാധിച്ച് ഒരാള്‍ മരിച്ച പശ്ചാത്തലത്തിലാണ് കര്‍ണാടകയില്‍  നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. സംസ്ഥാനത്ത് എല്ലാ മാളുകളും തിയേറ്ററുകളും നൈറ്റ് ക്ലബുകളും റെസ്‌റ്റോറന്റുകളും പബുകളും അടച്ചിടാന്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ ഉത്തരവിട്ടു. അടുത്ത ഒരാഴ്ച കാലത്തേയ്ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

കൊറോണ വൈറസ് ബാധ സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ വിവാഹ ചടങ്ങുകള്‍ ഒഴിവാക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വേനല്‍ക്കാല ക്യാമ്പുകള്‍ക്കും ഇക്കാലയളവില്‍ അനുമതി നിഷേധിച്ചതായി യെഡിയൂരപ്പ പറഞ്ഞു. കോവിഡ് 19 പടര്‍ന്നുപിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ജനക്കൂട്ടം ഒഴിവാക്കണമെന്നും യെഡിയൂരപ്പ അഭ്യര്‍ത്ഥിച്ചു. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് 14 മുതല്‍ 28 വരെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് കോളജുകള്‍ അടച്ചിടാന്‍ കര്‍ണാടകയിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ബംഗളൂരുവിലെ ഐടി ജീവനക്കാര്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com