പഞ്ചാബില്‍ കൊറോണ നിരീക്ഷണക്യാമ്പില്‍ നിന്നും ഏഴുപേര്‍ ചാടിപ്പോയി ; രണ്ട് ഐഎഎസ്, ഐപിഎസ് ദമ്പതികള്‍ക്ക് 'ഐസൊലേഷനില്‍' കഴിയാന്‍ നിര്‍ദേശം

പൂനെയില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ കൊറോണ ബാധിതരുടെ എണ്ണം 17 ആയി ഉയര്‍ന്നു
പഞ്ചാബില്‍ കൊറോണ നിരീക്ഷണക്യാമ്പില്‍ നിന്നും ഏഴുപേര്‍ ചാടിപ്പോയി ; രണ്ട് ഐഎഎസ്, ഐപിഎസ് ദമ്പതികള്‍ക്ക് 'ഐസൊലേഷനില്‍' കഴിയാന്‍ നിര്‍ദേശം

അമൃത്സര്‍ : പഞ്ചാബില്‍ കൊറോണ സംശയിച്ച് നിരീക്ഷണക്യാമ്പില്‍ പാര്‍പ്പിച്ചിരുന്ന ഏഴുപേര്‍ ക്യാമ്പില്‍ നിന്നും ചാടിപ്പോയി. വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരെ നിരീക്ഷണത്തിനായി പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ചാടിപ്പോയവരുടെ പേരുവിവരങ്ങള്‍ പഞ്ചാബ് പൊലീസ് പുറത്തുവിട്ടു. ഇവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

വിദേശസന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ രണ്ട് ഐഎഎസ്, ഐപിഎസ് ദമ്പതികളോട് ജോലിക്ക് എത്തേണ്ടെന്ന് പഞ്ചാബ് സര്‍ക്കാര്‍ നിര്‍ദേശിച്ചു. സംഗ്രൂര്‍ പൊലീസ് സൂപ്രണ്ട് സന്ദീപ് ഗാര്‍ഗ്, ഭാര്യയും പട്യാല ഡെവലപ്പ്‌മെന്റ് അതോറിട്ടി ചീഫ് അഡ്മിനിസ്‌ട്രേറ്ററുമായ സുരഭി മാലിക്, മൊഹാലി ഡെപ്യൂട്ടി കമ്മീഷണര്‍ ഗിരീഷ് ദയാലന്‍, ഭാര്യയും ഫത്തേഗാര്‍ഹ് സാഹിബ് പൊലീസ് സൂപ്രണ്ടുമായ അമനീത് കൗണ്ടല്‍ എന്നിവര്‍ക്കാണ് വീടുകളില്‍ തന്നെ കഴിയാന്‍ നിര്‍ദേശം നല്‍കിയത്. 

ഇറ്റലി, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഇവര്‍ മാര്‍ച്ച് മൂന്നിനാണ് നാട്ടില്‍ തിരിച്ചെത്തിയത്. മുന്‍കരുതല്‍ എന്ന നിലയില്‍ 14 ദിവസം നിരീക്ഷണത്തില്‍ തുടരാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. 

അതിനിടെ പൂനെയില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. നാഗ്പൂരില്‍ രണ്ടുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മഹാരാഷ്ട്രയില്‍ കൊറോണ ബാധിതരുടെ എണ്ണം 17 ആയി ഉയര്‍ന്നു. 

കൊറോണ വ്യാപിപ്പിച്ചതോടെ, കര്‍ണാടക, ബീഹാര്‍, ഒഡീഷ, ഡല്‍ഹി സര്‍ക്കാരുകളെല്ലാം സ്‌കൂളുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ അടച്ചു. മാളുകള്‍, സ്വിമ്മിങ് പൂളുകള്‍, തിയേറ്ററുകള്‍ തുടങ്ങിയവ തുറക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഐടി കമ്പനികള്‍ അടയ്ക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com