മാസ്‌കുകളും സാനിറ്റൈസറുകളും അവശ്യസാധനപ്പട്ടികയില്‍, പൂഴ്ത്തിവെച്ചാല്‍ ശക്തമായ നടപടി; ഇടപെടലുമായി കേന്ദ്രസര്‍ക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th March 2020 09:32 PM  |  

Last Updated: 13th March 2020 09:32 PM  |   A+A-   |  

 

ന്യൂഡല്‍ഹി: രാജ്യത്ത് പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസ് ബാധയെ തടയുന്നതിന് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്ന മാസ്‌കുകളും സാനിറ്റൈസറുകളും അവശ്യസാധനപ്പട്ടികയില്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും വര്‍ധിച്ച തോതിലുളള ആവശ്യകത മനസിലാക്കി കൃത്രിമ ക്ഷാമം സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായുളള ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. 

രാജ്യത്ത് ഇവയുടെ വര്‍ധിച്ച തോതിലുളള ആവശ്യം നിലനില്‍ക്കുകയാണ്. ഡിമാന്‍ഡ് കണ്ട് അമിത വില ഈടാക്കുന്നതും കണ്ടുവരുന്നുണ്ട്. കൃത്രിമം ക്ഷാമം സൃഷ്ടിച്ച് ഭാവിയില്‍ കൂടുതല്‍ വിലയ്ക്ക് വില്‍ക്കാമെന്ന വ്യാമോഹത്തില്‍ പൂഴ്ത്തിവെയ്പ് നടക്കുന്നതായുളള റി്‌പ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചത്. 

മാസ്‌കുകളെയും സാനിറ്റൈസറുകളെയും താത്കാലികമായി അവശ്യസാധനപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ വില, ഉല്‍പാദനം, വിതരണം എന്നിവയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ശക്തമായി ഇടപെടാന്‍ സാധിക്കും. പൂഴ്ത്തിവെയ്പ് നടത്തുന്നവര്‍ക്കും അമിത വില ഈടാക്കുന്നവര്‍ക്കുമെതിരെ അധികാരം പ്രയോഗിക്കാനും അനുമതി നല്‍കുന്നതാണ് അവശ്യസാധനപ്പട്ടികയിലെ വ്യവസ്ഥകള്‍. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് ഏഴുവര്‍ഷം തടവും പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണെന്ന് നിയമത്തില്‍ പറയുന്നു.