ഐസൊലേ‌ഷനിൽ നിന്ന് ചാടിപ്പോയ യുവതിയുടെ പിതാവിനെതിരെ കേസ് 

ഭർത്താവുമൊത്ത് ഇറ്റലിയില്‍ ഹണിമൂണ്‍ ആഘോഷിച്ച് ​ബം​ഗളൂരുവിൽ തിരിച്ചെത്തിയ യുവതിയാണ് നിരീക്ഷണത്തിലിരിക്കെ ചാടിപ്പോയത്
ഐസൊലേ‌ഷനിൽ നിന്ന് ചാടിപ്പോയ യുവതിയുടെ പിതാവിനെതിരെ കേസ് 

ആഗ്ര: കൊവിഡ് 19 സ്ഥിരീകരിച്ചിട്ടും ചികിത്സക്ക് സഹകരിക്കാതിരിക്കുകയും ഐസൊലേഷനില്‍ നിന്ന് ചാടിപ്പോകുകയും ചെയ്ത യുവതിയുടെ പിതാവിനെതിരെ കേസെടുത്തു. ഭർത്താവുമൊത്ത് ഇറ്റലിയില്‍ ഹണിമൂണ്‍ ആഘോഷിച്ച് ​ബം​ഗളൂരുവിൽ തിരിച്ചെത്തിയ യുവതിയാണ് നിരീക്ഷണത്തിലിരിക്കെ ചാടിപ്പോയത്. രക്ഷിതാക്കള്‍ക്കൊപ്പം ബെംഗളുരുവില്‍ നിന്ന് ആഗ്രയിലേക്കാണ് യുവതി കടന്നത്. സംഭവത്തിൽ ആദ്യമായാണ് രാജ്യത്ത് കേസെടുക്കുന്നത്. 

ഗൂഗിളില്‍ ജോലി ചെയ്യുന്ന ഭർത്താവും ഭാര്യയും ഇറ്റലിയില്‍ ഹണിമൂണ്‍ കഴിഞ്ഞ് ബെംഗളുരുവില്‍ തിരിച്ചെത്തുകയായിരുന്നു.കൊവിഡ് 19 ലക്ഷണങ്ങള്‍ ഉണ്ടായിരുന്ന ഭർത്താവിന്റെ പരിശോധനാ ഫലം പോസിറ്റീവ് ആയതിന് പിന്നാലെ ഇരുവരും നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ യുവതി രക്ഷിതാക്കള്‍ക്കൊപ്പം ബെംഗളുരുവില്‍ നിന്ന് ആഗ്രയിലേക്ക് കടന്നു. മാര്‍ച്ച് എട്ടിന് ബെംഗളുരുവില്‍ നിന്ന് ഡൽഹിയിലേക്ക് വിമാനത്തിലും അവിടെ നിന്ന് ആഗ്രയിലേക്കും യാത്ര തിരിക്കുകയായിരുന്നു.

ആഗ്രയിലെ വീട്ടില്‍ എത്തിയ യുവതി ആരോഗ്യവകുപ്പ് അധികൃതരോട് സഹകരിക്കാന്‍ തയ്യാറായില്ല. ജില്ലാ മജിസ്ട്രേറ്റ് ഇടപെട്ടതിനെ തുടര്‍ന്നാണ് ഐസൊലേഷനില്‍ പ്രവേശിക്കാന്‍ ഇവര്‍ തയ്യാറായത്. 

കഴിഞ്ഞ മാസം ആദ്യമാണ് ബെംഗളുരു സ്വദേശിയായ ഗൂഗില്‍ ജീവനക്കാരനെ യുവതി വിവാഹം ചെയ്തത്. ഹണിമൂണ്‍ ആഘോഷിക്കാന്‍ ദമ്പതികള്‍ ഇറ്റലിയിലും അവിടെ നിന്ന് ഗ്രീസിലേക്കും ഫ്രാന്‍സിലേക്കും പോയി. ഫെബ്രുവരി 27 നാണ് മുംബൈ വിമാനത്താവളത്തില്‍ തിരിച്ചെത്തിയത്. പിന്നീട് ബെംഗളുരുവിലേക്ക് പറന്നു. മാര്‍ച്ച് ഏഴിന് ഭര്‍ത്താവിന് കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ടുപേരെയും ബെംഗളുരുവില്‍ ക്വാറണ്ടൈന്‍ ചെയ്തു. പിന്നാലെ  യുവതിയുമായി രക്ഷിതാക്കള്‍ ആഗ്രയിലേക്ക് കടന്നു. ബെംഗളുരു നിന്ന് ഡൽഹിയിലേക്ക് വിമാനത്തിലും പിന്നീട് ട്രെയിനിലുമാണ് ഇവര്‍ യാത്ര ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com