കൊവിഡ്  ഭീഷണി നേരിടാന്‍ സാര്‍ക് യോഗം; മോദി പങ്കെടുക്കും ; പാക് അതിർത്തി ഇന്ന് അടയ്ക്കും

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 15th March 2020 09:27 AM  |  

Last Updated: 15th March 2020 09:27 AM  |   A+A-   |  

ഫയല്‍ ചിത്രം

 

ന്യൂഡൽഹി: കൊവിഡ് ഭീഷണി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രോ​ഗബാധയെ പ്രതിരോധിക്കാനുള്ള നടപടികളെക്കുറിച്ച് ആലോചിക്കാൻ സാർക്ക് അംഗരാജ്യങ്ങളുടെ യോഗം ഇന്നു ചേരും. വിഡിയോ കോൺഫറൻസിംഗ് വഴി വൈകിട്ട് അഞ്ചിനാണ് യോഗം. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിൽ പങ്കെടുക്കും.

യോഗം ചേരാനുള്ള പ്രധാനമന്ത്രി മോദിയുടെ നിർദ്ദേശം സാർക് അം​ഗരാജ്യങ്ങൾ അംഗീകരിക്കുകയായിരുന്നു. എന്നാൽ യോ​ഗത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പങ്കെടുക്കില്ല. പകരം പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവിനെയാണ് യോ​ഗത്തിൽ പങ്കെടുക്കാൻ പാകിസ്ഥാൻ നിയോ​ഗിച്ചത്.  ഏതൊക്കെ രാഷ്ട്രതലവൻമാർ യോഗത്തിൽ പങ്കെടുക്കും എന്ന് വ്യക്തമായിട്ടില്ല. പ്രതിരോധപ്രവർത്തനങ്ങളിൽ പരസ്പരം സഹകരിക്കാൻ ധാരണയാകും. 

ലോകത്തെ ഭീതിയിലാഴ്ത്തി കൊഖോണ വൈറസ് രോ​ഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ, സാർക്ക് അം​ഗരാജ്യങ്ങൾ പ്രതിരോധ പ്രവർത്തനത്തിനായി ഒത്തുകൂടണമെന്ന് മോദി ട്വീറ്റിലൂടെ നിർദേശം മുന്നോട്ടുവെക്കുകയായിരുന്നു. ഇന്ത്യ മാലദ്വീപിലേക്ക് മെഡിക്കൽ സംഘത്തെ ഉൾപ്പടെ കഴിഞ്ഞ ദിവസം അയച്ചിരുന്നു.