ഡല്‍ഹിയില്‍ ആള്‍ക്കൂട്ടങ്ങള്‍ക്കു വിലക്ക്, 50 പേരില്‍ അധികം ഒത്തുകൂടരുതെന്ന് കെജരിവാള്‍; ഷഹീന്‍ബാഗിനും ബാധകം
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th March 2020 02:19 PM |
Last Updated: 16th March 2020 02:21 PM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ഡല്‍ഹിയില്‍ പ്രതിഷേധങ്ങള്‍ ഉള്‍പ്പെടെ അന്‍പതു പേരില്‍ അധികമുള്ള എല്ലാ കൂടിച്ചേരലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. രാഷ്ട്രീയവും മതപരവും സാമൂഹികവും സാംസ്‌കാരികവുമായ ഒരുവിധത്തിലുള്ള ആള്‍ക്കൂട്ടവും അനുവദിക്കില്ലെന്ന് കെജരിവാള്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ ബാഗില്‍ നടക്കുന്ന സമരത്തിനും വിലക്ക് ബാധകമാണ്.
മാര്‍ച്ച് 31 വരെയാണ് ജനങ്ങള്‍ കൂട്ടംകുടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രതിഷേധങ്ങള്‍ ഉള്‍പ്പെടെ എല്ലാവിധ ജനക്കൂട്ടങ്ങള്‍ക്കും വിലക്ക് ബാധകമാണ്. വിവാഹങ്ങളെ ഇതില്‍നിന്ന ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ വിവാഹം കഴിയുമെങ്കില്‍ മാറ്റിവയ്ക്കണമെന്ന് കെജരിവാള്‍ അഭ്യര്‍ഥിച്ചു.
ജിമ്മുകള്‍, നൈറ്റ് ക്ലബുകള്‍, സ്പാകള്‍ എന്നിവ ഈ മാസം മുഴുവന്‍ അടച്ചിടാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഓട്ടോറിക്ഷകളും ടാക്‌സികളും സൗജന്യമായി അണുവിമുക്തമാക്കും. ഡല്‍ഹി മെട്രോ യാത്രക്കാരെ പരിശോധിക്കുന്നതിന് തെര്‍മല്‍ സ്‌ക്രീനിങ് ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഡല്‍ഹിയില്‍ സ്‌കൂളുകളും സിനിമാ തിയറ്ററുകളും സര്‍വകലാശാലകളും പൂളുകളും അടച്ചിടാന്‍ കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.