മഹാരാഷ്ട്രയില്‍ 39 പേര്‍ക്ക് കൊറോണ, കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു, കടുത്ത നിയന്ത്രണങ്ങള്‍; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 118

വാണിജ്യനഗരമായ മുംബൈ ഉള്‍പ്പെടുന്ന മഹാരാഷ്ട്രയില്‍ മാത്രം 39 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്
മഹാരാഷ്ട്രയില്‍ 39 പേര്‍ക്ക് കൊറോണ, കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു, കടുത്ത നിയന്ത്രണങ്ങള്‍; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 118

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തെ പിടിച്ചുകെട്ടാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരവെ, രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 118 ആയി ഉയര്‍ന്നു. വാണിജ്യനഗരമായ മുംബൈ ഉള്‍പ്പെടുന്ന മഹാരാഷ്ട്രയില്‍ മാത്രം 39 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. തൊട്ടടുത്തുളള കേരളത്തില്‍ 21 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.  കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് രോഗവ്യാപനം സംഭവിച്ചതോടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പ്രതിരോധിക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാരുകള്‍.

സംസ്ഥാനങ്ങളില്‍ ഒഡീഷയിലാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ സന്ദര്‍ശനം നടത്തി തിരിച്ചുവന്ന 33കാരനാണ് കൊറോണ സ്ഥിരീകരിച്ചത്. പശ്ചിമ ബംഗാളില്‍ ആരിലും ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 5000ത്തോളം പേര്‍ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കുളള അവധി ഏപ്രില്‍ 15 വരെ നീട്ടി. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത് തടയുന്നതിനായി 200 കോടി രൂപയുടെ ഫണ്ടിന് രൂപം നല്‍കിയതായും മമത ബാനര്‍ജി പറഞ്ഞു.

ഏറ്റവുമധികം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ വിപുലമാക്കുന്നു. മുന്‍കരുതലിന്റെ ഭാഗമായി വിനോദസഞ്ചാര കേന്ദ്രങ്ങളായ അജന്ത, എല്ലോറ ഗുഹകള്‍ വ്യാഴാഴ്ച മുതല്‍ അടച്ചിടും. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മുംബൈ നഗരഹൃദയത്തിലെ സിദ്ധിവിനായക് ക്ഷേത്രം അടച്ചു. മഹാരാഷ്ട്രയിലെ ഗ്രാമീണ മേഖലയിലും സ്‌കൂളുകളും കോളജുകളും അടച്ചിടാനും തീരുമാനിച്ചു.

വടക്കുകിഴക്കന്‍ സംസ്ഥാനമായ ത്രിപുരയിലും സ്‌കൂളുകളും കോളജുകളും അടച്ചിടാന്‍ തീരുമാനിച്ചു. മുന്‍കരുതലിന്റെ ഭാഗമായി മാര്‍ച്ച് 31 വരെ അടച്ചിടാനാണ് തീരുമാനം. ഇതൊടൊപ്പം ജനക്കൂട്ടം ഒഴിവാക്കാന്‍ തിയേറ്ററുകള്‍, ജിമ്മുകള്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. മേഘാലയയിലും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

കേരളത്തിനും മഹാരാഷ്ട്രയ്ക്കും പുറമേ കര്‍ണാടകയില്‍ ഏഴുപേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.തമിഴ്‌നാട്ടിലും പഞ്ചാബിലും ആന്ധ്രാപ്രദേശിലും ഓരോത്തര്‍ക്കും രോഗബാധയുണ്ട്. തെലങ്കാനയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നാണ്. ഉത്തര്‍പ്രദേശില്‍ 12ഉം ഹരിയാനയില്‍ 14 ഉം പേര്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com