രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണം; മാളുകളും ജിമ്മുകളും തുറക്കരുത്: കടുത്ത ജാഗ്രതാ നിര്‍ദേശങ്ങളുമായി കേന്ദ്രം

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 16th March 2020 07:30 PM  |  

Last Updated: 16th March 2020 07:48 PM  |   A+A-   |  

PTI06-03-2020_000035B_1583685851311_1584099714230

 

ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടയ്ക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം.  മാളുകളും സ്വിമ്മിങ് പൂളുകളും ജിമ്മുകളും അടച്ചിടണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മാര്‍ച്ച് 31വരെ അടച്ചിടാനാണ് നിര്‍ദേശം. പൊതുഗതഗാത സംവിധാനം പരമാവധി ഒഴിവാക്കണം. ഇനിയുള്ള ഒരാഴ്ച അതിപ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.  

സ്ഥാപനങ്ങള്‍ തൊഴിലാളികളെ വീട്ടിലിരുന്ന ജോലി ചെയ്യാന്‍ അനുവദിക്കണം. ആളുകള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം പാലിക്കണം.
യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്ന് വരുന്നവരെ 14 ദിവസം നിരീക്ഷണത്തില്‍ വെയ്ക്കും. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, തുര്‍ക്കി, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. 

 ഇതുവരെ രാജ്യത്താകെ 114 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ടു പേര്‍ മരിച്ചു. ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് നാലു കേസുകളാണ്. കേരളത്തിന് പുറമേ ഒഡീഷ, ജമ്മു കശ്മീര്‍, ലഡാക് എന്നിവിടങ്ങളിലാണ് ഇന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.