എച്ച്‌ഐവി മരുന്ന് കൊറോണയ്‌ക്കെതിരെ ഉപയോഗിക്കാം; അപകട സ്ഥിതിയിലുളള രോഗികള്‍ക്കായി ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2020 05:02 PM  |  

Last Updated: 17th March 2020 05:02 PM  |   A+A-   |  

 

ന്യൂഡല്‍ഹി: എച്ച്‌ഐവി രോഗത്തിന് ഉപയോഗിക്കുന്ന മരുന്ന് കോവിഡ് 19 ബാധിതര്‍ക്ക് നല്‍കാന്‍  കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. കൊറോണ വൈറസ് ബാധിച്ച രോഗിയുടെ രോഗസ്ഥിതി കണക്കാക്കി  മരുന്ന് നല്‍കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. 

പ്രമേഹം അടക്കം വിവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന അറുപത് വയസ്സ് കഴിഞ്ഞ ഹൈ റിസ്‌ക് രോഗികള്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടായാല്‍ എച്ചഐവി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് മിശ്രിതം നല്‍കാനാണ് നിര്‍ദേശത്തില്‍ പറയുന്നത്. എച്ചഐവി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ലോപിനാവിര്‍, റിട്ടോണാവീര്‍ മരുന്ന് മിശ്രിതം ഉപയോഗിക്കാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. ഓരോ രോഗിയുടെയും രോഗസ്ഥിതി മനസിലാക്കി പ്രത്യേക കേസുകളായി പരിഗണിച്ച് വേണം മരുന്ന് നല്‍കേണ്ടത്. പ്രമേഹത്തിന് പുറമേ വൃക്ക സംബന്ധമായ രോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍, തുടങ്ങിയവയാല്‍ പ്രയാസം അനുഭവിക്കുന്ന അറുപത് കഴിഞ്ഞവര്‍ക്ക് രോഗബാധ ഉണ്ടായാല്‍ ഈ മരുന്ന് നല്‍കാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

ഇതിന് പുറമേ കോശത്തിലേക്ക് ഓക്‌സിജന്‍ എത്തുന്നതിന്റെ ലഭ്യത കുറവ് മൂലം ഉണ്ടാകുന്ന രോഗമായ ഹൈപ്പോക്‌സിയ, രക്തസമ്മര്‍ദ്ദം അസാധാരണമായി കുറയുന്ന അവസ്ഥയായ ഹൈപ്പോടെന്‍ഷന്‍, ശരീരത്തിലെ ഒന്നോ അതിലധികമോ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥ എന്നി ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് കൊറോണ വൈറസ് ബാധ ഉണ്ടായാലും ഈ മരുന്ന് മിശ്രിതം കൊടുക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി ഉയര്‍ന്നുനില്‍ക്കുന്ന അവസ്ഥ നേരിടുന്ന രോഗികളിലും കൊറോണ വൈറസ് സ്ഥിരീകരിച്ചാല്‍ ഈ മരുന്ന് മിശ്രിതം നല്‍കാവുന്നതാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. നിലവില്‍ കൊറോണ വൈറസ് ബാധിച്ചവര്‍ക്കായി പ്രത്യേക മരുന്ന് കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പ്രത്യേക ചികിത്സാരീതിയും നിര്‍ദേശിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്.

എച്ച്‌ഐവി രോഗത്തിന് ലോപിനാവിര്‍, റിട്ടോണാവീര്‍ മരുന്ന് മിശ്രിതം ഉപയോഗിക്കുന്നവരില്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടുവരുന്നുണ്ട്. പലപ്പോഴും ഈ പാര്‍ശ്വഫലങ്ങള്‍ കൊണ്ട് തന്നെ മരുന്ന് ഉപയോഗിക്കുന്നത് നിര്‍ത്തിവെയ്ക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. അതിനാല്‍ കൊറോണ വൈറസ് ബാധിച്ചവരുടെ രോഗസ്ഥിതി പ്രത്യേകമായി കണ്ടു വേണം ഈ മരുന്ന് നല്‍കാനെന്നും മാര്‍ഗനിര്‍ദേശത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. ആവശ്യമെങ്കില്‍ അനുബന്ധ ചികിത്സ ഉറപ്പുവരുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.