കൊറോണ വ്യാപനം തടയാന്‍ മുന്‍കരുതല്‍ ; പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 50 രൂപയാക്കി

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 17th March 2020 04:50 PM  |  

Last Updated: 17th March 2020 04:50 PM  |   A+A-   |  

 

ന്യൂഡല്‍ഹി : കൊറോണ വ്യാപനം തടയുക ലക്ഷ്യമിട്ട് അഹമ്മദാബാദ് ഡിവിഷന്‍ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത് മറ്റു ഡിവിഷനുകളും ഏറ്റെടുക്കുന്നു. പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് 10 രൂപയില്‍ നിന്നും 50 രൂപയായാണ് അഹമ്മദാബാദ് ഡിവിഷന്‍ ഉയര്‍ത്തിയത്. ഈ നടപടി ആറ് റെയില്‍വേ ഡിവിഷനുകളിലായി 250 സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കാനാണ് റെയില്‍വേ അധികൃതര്‍ തീരുമാനിച്ചത്. 

പശ്ചിമ റെയില്‍വേയും, സെന്‍ട്രല്‍ റെയില്‍വേയുമാണ്, പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് വര്‍ധന നടപ്പിലാക്കിയിട്ടുള്ളത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, റെയില്‍വേ പ്ലാറ്റ്‌ഫോമുകളില്‍ ആളുകള്‍ തടിച്ചുകൂടുന്നത് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത്. 

അഹമ്മദാബാദിന് പുറമെ, മുംബൈ, വഡോദര, ററ്റ്‌ലം, രാജ്‌കോട്ട്, ഭാവ്‌നഗര്‍ എന്നീ പശ്ചിമറെയില്‍വേയിലെ ഡിവിഷനുകളിലെല്ലാം നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. മുംബൈ സിഎസ്ടി, താനെ, ദാദര്‍, കല്യാണ്‍, റെയില്‍വേ സ്റ്റേഷനുകളില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി, താപനില അളക്കാനുള്ള തെല്‍മോമീറ്ററും സ്ഥാപിച്ചിട്ടുണ്ട്. 

രാജ്യത്ത് ഇതുവരെ 128 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചത്. ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയില്‍ 64 കാരനാണ് മരിച്ചത്. ദുബായില്‍ നിന്നും എത്തിയ ആളാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം മൂന്നായി ഉയര്‍ന്നു.