കോവിഡ്-19 ഇന്ത്യയില്‍ രണ്ടാംഘട്ടത്തില്‍ ; സാമൂഹിക വ്യാപനത്തിലേക്ക് കടന്നാല്‍ ഗുരുതരാവസ്ഥ ; കടുത്ത ജാഗ്രത വേണമെന്ന് ഐസിഎംആര്‍

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 17th March 2020 05:24 PM  |  

Last Updated: 17th March 2020 05:24 PM  |   A+A-   |  

 

ന്യൂഡല്‍ഹി : കോവിഡ് -19 ഇന്ത്യയില്‍ രണ്ടാംഘട്ടത്തിലേക്ക് കടന്നതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) വിലയിരുത്തല്‍. എന്നാല്‍ രാജ്യം കോവിഡിന്റെ മൂന്നാംഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. രോഗം മൂന്നാംഘട്ടത്തിലേക്ക് കടന്നാല്‍ സാമൂഹിക വ്യാപനമാകും ഉണ്ടാകുക. അതീവ ഗുരുതരമായ അവസ്ഥയാകും നേരിടേണ്ടി വരിക. അതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡോ. ഭാര്‍ഗവ പറഞ്ഞു. 

ഈ പശ്ചാത്തലത്തില്‍ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാന്‍ ഉടന്‍ ചികില്‍സ തേടണമെന്ന് ഡോ. ഭാര്‍ഗവ നിര്‍ദേശിച്ചു. പനിയോ, ചുമയോ ജലദോഷമോ ഉള്ളവര്‍ വീടുകള്‍ക്കുള്ളില്‍ തന്നെ തങ്ങണം. ജനങ്ങള്‍ സ്വയം പ്രതിരോധത്തിന് തയ്യാറാകണമെന്നും, രോഗവ്യാപനത്തിനുള്ള സാധ്യതകള്‍ പരമാവധി ഒഴിവാക്കണമെന്നും ഐസിഎംആര്‍ ഡയറക്ടര്‍ നിര്‍ദേശിച്ചു. 

നിലവില്‍ കൊറോണ വൈറസിനെ കണ്ടുപിടിക്കാനുള്ള ലബോറട്ടറികളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ഐസിഎംആര്‍. രാജ്യത്ത് ഇപ്പോള്‍ 72 ലാബുകളാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ എണ്ണം വര്‍ധിപ്പിക്കാനാണ് ശ്രമം. ഐസിഎംആറിന് പുറമെ, ആരോഗ്യമന്ത്രാലയം, സര്‍ക്കാര്‍ ലബോറട്ടറികള്‍, സിഎസ്‌ഐആര്‍, ഡിആര്‍ഡിഒ, ഡിബിറ്റി, സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ എന്നിവയുമായി സഹകരിച്ച് പുതുതായി 49 ലാബറട്ടറികള്‍ കൂടി ഈ ആഴ്ചയോടെ തുറക്കും. 

അതിവേഗം ടെസ്റ്റിങ് നടത്താന്‍ കഴിയുന്ന രണ്ടു ലാബുകള്‍ സജ്ജമാക്കുന്ന ശ്രമത്തിലാണ് ഐസിഎംആര്‍. അതുവഴി ഒരുദിവസം 1400 ടെസ്റ്റുകള്‍ വരെ നടത്താനാകും. ഇപ്പോള്‍ കൊറോണ പരിശോധനയ്ക്കായി സ്വകാര്യ ലാബുകളും സജ്ജമാക്കിയിട്ടുണ്ട്. 10 ലക്ഷം പരിശോധന കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. 

രാജ്യത്ത് ഇതുവരെ 128 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചത്. ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയില്‍ 64 കാരനാണ് മരിച്ചത്. ദുബായില്‍ നിന്നും എത്തിയ ആളാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം മൂന്നായി ഉയര്‍ന്നു.